Times Kerala

ഇടുക്കിയിൽ എച്ച്‌1 എന്‍1, ഡെങ്കിപ്പനി രോഗങ്ങൾ വ്യാപിക്കുന്നു

 
ഇടുക്കിയിൽ എച്ച്‌1 എന്‍1, ഡെങ്കിപ്പനി രോഗങ്ങൾ വ്യാപിക്കുന്നു

തൊടുപുഴ: ഇടുക്കിയിൽ ചിലഭാഗങ്ങളില്‍ എച്ച്‌1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി എന്നിവ വ്യാപകമാകുന്നു. മഴക്കാലമായതോടെ കൊതുകു വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്‌ടര്‍ എച്ച്‌. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പു പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

വണ്ണപ്പുറം മേഖലയിലെ മുള്ളരിങ്ങാട്ടാണ്‌ ഡെങ്കിപ്പനി ബാധിതര്‍ കൂടുതലായുള്ളത്‌. റബര്‍തോട്ടങ്ങളും കൊക്കോതോട്ടങ്ങളും ഇവിടെ കൂടുതലുണ്ട്‌. മാത്രമല്ല മലഞ്ചെരിവുകളുമാണ്‌. റബര്‍ തോട്ടങ്ങളില്‍ ചിരട്ടയില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്‌ത്തിവയ്‌ക്കണം. കൊക്കോത്തൊണ്ടുകള്‍ മണ്ണില്‍ കുഴിച്ചുമൂടിയാല്‍ അതില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയും. വീടുകളുടെ പരിസരത്തു നിന്നുള്ള കൊതുകുകളില്‍ നിന്നാണ്‌ ഈ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്‌. വണ്ണപ്പുറം കൂടാതെ തട്ടക്കുഴ, കരിമണ്ണൂര്‍, മരിയാപുരം, തൊടുപുഴ നഗരസഭ, കുമളി തുടങ്ങിയ ഭാഗങ്ങളിലും ഡെങ്കിപ്പനി ബാധിതരുണ്ട്‌. വേണ്ടസമയത്ത്‌ ചികില്‍സിച്ചില്ലെങ്കില്‍ രോഗം അപകടകരമാകും. വീടുകള്‍ക്കുള്ളിലെ പൂച്ചട്ടികളിലും അക്വേറിയങ്ങളിലും കൊതുകുകള്‍ വളരാന്‍ സാധ്യത കൂടുതലാണ്‌.
തൊഴിലുറപ്പ്‌ ഉള്‍പ്പെടെ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്ന്‌ കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇക്കാര്യത്തില്‍ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.

ഗുളിക വാങ്ങിയിട്ടു അത്‌ പലരും കഴിക്കാതിരിക്കുന്നതാണ്‌ കുഴപ്പത്തില്‍പ്പെടാന്‍ കാരണം. മാലിന്യം യഥാസമയം നീക്കം ചെയ്യാനുള്ള ചുമതല പഞ്ചായത്തുകള്‍ക്കാണ്‌. തങ്ങളുടെ പരിധിയില്‍ മാലിന്യം കെട്ടിക്കിടക്കുന്നില്ലെന്ന്‌ ഓരോ പഞ്ചായത്തും ഉറപ്പുവരുത്തണമെന്ന്‌ ജില്ലാ കലക്‌ടര്‍ പഞ്ചായത്ത്‌ വകുപ്പിന്‌ നിര്‍ദേശം നല്‍കി. പല പഞ്ചായത്തുകളും മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ അലംഭാവം കാട്ടുകയാണെന്ന്‌ ഹരിതമിഷന്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍ അറിയിച്ചു. പ്ലാസ്‌റ്റിക്‌ ക്യാരിബാഗുകളുടെ കാര്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ കര്‍ശന നിലപാടു സ്വീകരിക്കണം. ഇതല്ലെങ്കില്‍ ഇവ വഴിയോരങ്ങളിലും തോടുകളിലും മറ്റും കെട്ടിക്കിടന്നു പരിസ്‌ഥിതി പ്രശ്‌നം സൃഷ്‌ടിക്കും. ഇപ്പോള്‍ത്തന്നെ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഇത്തരത്തില്‍ പ്ലാസ്‌റ്റിക്‌ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്‌. ഉത്തരവാദികള്‍ക്കെതിരേ ദുരന്തനിവാരണ നിയമം അനുസരിച്ച്‌ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നു കലക്‌ടര്‍ അറിയിച്ചു.

പ്ലാസ്‌റ്റിക്‌ മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി അവ ഏഴുശതമാനം ടാറില്‍ ചേര്‍ത്ത്‌ റോഡ്‌ നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്‌. കുമളിയില്‍ 17 പേര്‍ക്ക്‌ എച്ച്‌1 എന്‍ 1 പനി ബാധിച്ചിട്ടുണ്ട്‌. ജില്ലയിലെ എല്ലാ ആശുപത്രികളിലും ആവശ്യത്തിനു മരുന്നുണ്ടെന്ന്‌ ഡി.എം.ഒ അറിയിച്ചു. െവെറല്‍ പനി ബാധിതര്‍ ഇപ്രാവശ്യം കുറവാണ്‌.നിര്‍മാണ മേഖലയിലെ പാഴ്‌വസ്‌തുക്കള്‍ നീക്കം ചെയ്യാന്‍ കരാറുകാര്‍ ശ്രദ്ധിക്കണം. ഉപയോഗശൂന്യമായ ടാങ്കുകള്‍ നശിപ്പിക്കണം. ഇവയില്‍ കൊതുകു വളരാന്‍ സാധ്യത കൂടുതലാണ്‌.

ഇതരസംസ്‌ഥാന തൊഴിലാളികള്‍ക്കിടയില്‍ ബോധവത്‌കരണ ക്ലാസുകളും പരിശോധനയും ശക്‌തമാക്കാന്‍ തൊഴില്‍വകുപ്പിനു നിര്‍ദേശം നല്‍കി. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും ബോധവല്‍കരണ പരിപാടികളും മെഡിക്കല്‍ ക്യാമ്ബുകളും നടത്തി വരുന്നുണ്ടെന്നു അതത്‌ ഡി.എം.ഒമാര്‍ അറിയിച്ചു.

Related Topics

Share this story