Times Kerala

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടെ വീട് സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു

 
ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടെ വീട് സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു

കണ്ണൂർ: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട്ടില്‍ സിപിഎം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി എന്നിവര്‍ സന്ദര്‍ശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിപിഎം നേതാക്കള്‍ സാജന്റെ വീട്ടിലെത്തിയത്. സിപിഎമ്മിലെ മൂപ്പിളമ തര്‍ക്കമാണ് സാജന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്ന ആരോപണത്തിനിടെയാണ് സി.പി.എം നേതാക്കള്‍ സാജന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18നു പുലര്‍ച്ചെയാണ് സാജന്‍ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.

ഉദ്യോഗസ്ഥരെ മാത്രം പഴിചാരി വ്യവസായിയുടെ മരണത്തിൽ നിന്ന് ആന്തൂർ നഗരസഭയ്ക്ക് കൈ കഴുകാനാവില്ലെന്നും  ഭരണസമിതിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും സാജന്റെ കുടുംബം വ്യക്തമാക്കി. വീട്ടിൽ അനുരഞ്ജന നീക്കങ്ങളുമായെത്തിയ സിപിഎം നേതാക്കൾ ചെയർ‍പേഴ്സണെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ബിജെപി, കോൺഗ്രസ് നേതാക്കളും സാജന്റെ വീട്ടിലെത്തിയിരുന്നു.

നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപയാണ് ഈ ഓഡിറ്റോറിയത്തിനായി സാജന്‍ ചെലവഴിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷിച്ചപ്പോള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അത് തടഞ്ഞുവയ്ക്കുകയായിരുന്നു. നിര്‍മ്മാണ് പ്രവര്‍ത്തനം നടക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജന്‍ നല്‍കിയ പരാതിയില്‍ ഉന്നതതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തി.

Related Topics

Share this story