Times Kerala

സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 
സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സാജന്റെ കാര്യത്തില്‍ ആ പാവം കരുതിയത് പി. ജയരാജനാണ് കണ്ണൂരിലെ പാര്‍ട്ടിയെ മുഴുവന്‍ നിയന്ത്രിക്കുന്നതെന്നാണ്. എം. വി. ഗോവിന്ദനും ഭാര്യയും ഇക്കാരണത്താല്‍ സാജനെ പരമാവധി ദ്രോഹിച്ചു.

ഗോവിന്ദന്റെ ഭാര്യ ചെയര്‍ പേഴ്‌സണായുള്ള നഗരസഭ പ്രതികാരനടപടി എടുത്തതുകൊണ്ടു മാത്രമാണ് സാജന്‍ ജീവനൊടുക്കിയത്. ആന്തൂര്‍ നഗരസഭ എന്നു പറഞ്ഞാല്‍ മല്‍സരിക്കാന്‍ പോലും മറ്റുള്ളവരെ അനുവദിക്കാത്ത പ്രദേശമാണ്. ആത്മഹത്യാ പ്രേരണക്ക് ഗോവിന്ദന്റേയും ഭാര്യയുടേയും പേരില്‍ കേസ്സെടുക്കണം.
കേരളത്തില്‍ ആരും മുതല്‍ മുടക്കാന്‍ തയ്യാറാവാത്തത് സി. പി. എമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

കേരളം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. ഇടതുകൂലി എഴുത്തുകാരും സൈബര്‍ കമ്മികളും ഇതിനെയാണ് നമ്പര്‍ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സാജന്‍ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേര്‍ക്കു തൊഴിലുകൊടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സി. പി എമ്മുകാര്‍ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവര്‍ കാണിക്കുമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വിമര്‍ശിച്ചു.

Related Topics

Share this story