Times Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ജൂലൈമുതല്‍ ട്രഷറിയിലൂടെ

 
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ജൂലൈമുതല്‍ ട്രഷറിയിലൂടെ

കൊച്ചി: ജൂലൈ മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ട്രഷറിവഴി മാത്രം. ഇതിനായി എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് (ഇടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് നിര്‍ദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണിത്. മാസം 2500 കോടിരൂപ ശമ്പളമായി നല്‍കുന്നതില്‍ ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും.

മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ശമ്പളം പിന്‍വലിക്കാതെ ട്രഷറിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യവും നല്‍കും. ഓണ്‍ലൈനിലൂടെ ഈ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റാം.

ഇതുവരെ സെക്രട്ടേറിയറ്റിലെ ധനം, പൊതുഭരണം വകുപ്പുകളിലും ട്രഷറി വകുപ്പിലുമാണ് ഇതു നടപ്പാക്കിയിരുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ട്രഷറി വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ ശമ്പളം സ്വീകരിക്കാമായിരുന്നു.
രണ്ടുഘട്ടമായാണ് ശമ്പളവിതരണം പൂര്‍ണമായും ട്രഷറിയിലേക്കു മാറ്റുന്നത്. ആദ്യഘട്ടത്തില്‍ 35 വകുപ്പുകളിലെ ജൂണിലെ ശമ്പളം ട്രഷറി വഴിയാക്കും. ജൂലൈ് മുതല്‍ ശേഷിക്കുന്ന എല്ലാ വകുപ്പുകളിലേതും.

Related Topics

Share this story