Times Kerala

മധ്യവയസ്സിലെ സുഖകരമായ ലൈംഗികത; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.!

 
മധ്യവയസ്സിലെ സുഖകരമായ ലൈംഗികത; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.!

ലൈംഗികതയ്ക്ക് പ്രായം ഇല്ല. പുരുഷനായാലും സ്ത്രീയായാലും പ്രായപൂര്‍ത്തിയായതിനുശേഷം ആരോഗ്യമുളളിടത്തോളം കാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റും . പക്ഷേ സാധാരണ രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുളള ശേഷി പുരുഷന്മാരിലാണ് കൂടുതല്‍. 16 വയസ്സു മുതല്‍ 80 വയസ്സുവരെ പുരുഷന്മാര്‍ക്ക് നല്ല ലൈംഗികബന്ധം നടത്താം. ലൈംഗികാസക്തി പ്രായത്തിനതീതമായി കാണുന്നതാണ്.

ലൈംഗിക വിരക്തിക്കുളള കാരണങ്ങള്‍
സ്ത്രീകള്‍ക്കാണെങ്കില്‍ 65 വയസ്സാകുമ്പോഴേക്കും ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യക്കുറവു വന്നുതുടങ്ങും. ആര്‍ത്തവവിരാമം ആകുമ്പോള്‍ സ്ത്രീകളില്‍ സെക്‌സ് ഹോര്‍മോണുകള്‍ കുറവുണ്ടാകുന്നു. 45 വയസ്സുമുതല്‍ 50 വയസ്സുവരെയുളള പ്രായത്തിലാണ് ആര്‍ത്തവവിരാമം സ്ത്രീകളിലുണ്ടാകുന്നത്. വിഷാദരോഗങ്ങളുണ്ടാകുമ്പോഴും ലൈംഗികാസക്തി കുറയുന്നു.

മധ്യവയസ്സുളളവര്‍ നേരിടുന്ന ലൈംഗിക താല്‍പര്യക്കുറവിന് കാരണങ്ങള്‍ പലതാണ്. ജോലിസ്ഥലത്തുളള പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഉദ്യോഗസ്ഥര്‍ക്ക് അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റം, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുളള വഴക്ക്, കുട്ടികളുടെ ഭാവിയെക്കുറിച്ചുളള ഉത്കണ്ഠ ഇവയൊക്കെ താല്‍കാലികമായ ലൈംഗികശേഷിക്കുറവിനു കാരണമാകാം. സ്ത്രീകള്‍ക്ക് പ്രസവമൊക്കെക്കഴിഞ്ഞ് വണ്ണംവെച്ചുവരുമ്പോള്‍ തങ്ങള്‍ക്ക് ലൈംഗികശേഷി കുറഞ്ഞു എന്നൊരു തോന്നലുണ്ടാകും. കുടവയര്‍ ഉളള പുരുഷന്മാര്‍ക്കും ഈ തോന്നലുണ്ടാവാം. ഇതു തീര്‍ച്ചയായും ശരിയല്ല. ഏതു പ്രായത്തിലുളളവരായാലും നല്ല മാനസികബന്ധംകൂടി പങ്കാളികള്‍ക്കുണ്ടായാല്‍ മാത്രമേ ലൈംഗികബന്ധത്തിന് കൂടുതല്‍ സുഖവും ആസാദനവും കിട്ടുകയുളളൂ. ലൈംഗിക ശുചിത്വം തൃപ്തികരമായ ലൈംഗികബന്ധത്തിന്റെ സുപ്രധാനമായ ഒരു ഘടകമാണ്. കുളി, വസ്ത്രധാരണം, ദന്തശുചിത്വം ഇവയിലെല്ലാം പങ്കാളികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സ്വകാര്യതയാണ് സന്തോഷകരമായ ലൈംഗികബന്ധത്തിന് ആവശ്യമായ മറ്റൊരു ഘടകം. അമിതമായ മദ്യപാനവും പുകവലിയും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും ലൈംഗികശേഷി ഇല്ലാതാക്കുന്നു. മദ്യപാനം ഏറ്റവും കൂടുതലുളള ഒരു സംസ്ഥാനമാണ് കേരളം. ലഹരിമരുന്നുകളുടെ ഉപയോഗവും കേരളീയരില്‍ വര്‍ദ്ധിച്ചുവരുന്നു. പരസ്ത്രീകളുമായി ബന്ധപ്പെടുന്ന പുരുഷന് സ്വന്തം ഭാര്യയുമായുളള ശാരീരികബന്ധത്തില്‍ സംതൃപ്തിയുണ്ടാവില്ല.

തൈറോയിഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങളും ലൈംഗികശേഷിക്കുറവിനു കാരണമാകുന്നു. തൈറോയിഡ് ഗ്രന്ഥിക്ക് വീക്കമാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാറ്റുകയോ ഹോര്‍മോണ്‍ അപര്യാപ്തതയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹോര്‍മോണ്‍ തുടര്‍ച്ചയായി കഴിച്ചോ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

ലൈംഗികബന്ധം ഹൃദയാരോഗ്യത്തെ തകര്‍ക്കുമെന്നൊരു മിഥ്യാബോധം തന്നെ ചിലരിലുണ്ട്. സ്വന്തം പങ്കാളിയുമായുളള ലൈംഗികബന്ധം ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷിയെ കുറയ്ക്കുകയല്ല കൂട്ടുകയാണ് ചെയ്യുന്നത്. ഇങ്ങനെ പറയുമ്പോള്‍ ഹൃദയാരോഗ്യം ഉണ്ടാകുമെന്നു കരുതി, ധാരാളം സ്ത്രീകളുമായി ബന്ധപ്പെടുന്നതും തെറ്റാണ്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ലിംഗത്തിന്റെ വലിപ്പം ലൈംഗികബന്ധത്തില്‍ ഒരു ഘടകമേയല്ല എന്നു മനസ്സിലാക്കിയിരിക്കുക. ശാരീരികമായ ആരോഗ്യവും മാനസികമായ താല്‍പര്യവുമാണ് സുഖകരമായ ലൈംഗികബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ലൈംഗിക പ്രക്രിയയില്‍ ഹോര്‍മോണുകളുടെ സ്വാധീനം
ലൈംഗിക പ്രക്രിയയ്ക്ക് ടെസ്‌റ്റോസ്റ്റീറൊണും ഈസ്ട്രജനുമാണ് ആവശ്യമായ ഹോര്‍മോണുകള്‍. ടെസ്‌റ്റോസ്റ്റീറോണ്‍ ആണ് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന ഹോര്‍മോണ്‍. ഇത് ആഡ്രിനല്‍ ഗ്രന്ഥിയിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ടെസ്‌റ്റോസ്റ്റീറോണ്‍ ഉത്പാദിപ്പിക്കുന്ന അഡ്രിനല്‍ ഗ്രന്ഥിയില്‍ കൊഴുപ്പടിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തനം തകരാറിലാവും.

അതുകൊണ്ട് കൊഴുപ്പു കുറഞ്ഞ ആഹാരം, കൂടുതല്‍ സസ്യാഹാരങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവ ഉപയോഗിക്കാന്‍ മധ്യവയസ്‌കര്‍ ശ്രദ്ധിക്കണം. ടെസ്‌റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നതുകൊണ്ട് പുരുഷന്മാരില്‍ സ്തനവളര്‍ച്ചയുണ്ടാകാം. ഉദ്ധാരണശേഷിക്കുറവും ഇതോടൊപ്പമുണ്ടാകുന്നു. ടെസ്‌റ്റോസ്റ്റീറോണ്‍, സ്ത്രീകളില്‍ മധ്യവയസ്സിലും ലൈംഗിക താല്‍പര്യം നിലനിര്‍ത്തും. ഈസ്ട്രജന്റെ കുറവുകൊണ്ട് യോനീവരള്‍ച്ച ഉണ്ടാവുന്നു. യോനിയുടെ ഉള്‍ഭാഗത്തുളള ആവരണത്തിനു കട്ടി കുറയുന്നു. യോനീമുഖത്തിന്റെ വലിപ്പം കുറയുന്നു. തന്മൂലം ലൈംഗികബന്ധം വേദനയുളളതാകുന്നു. ഈ അവസ്ഥ ലളിതമായ രണ്ടു മാര്‍ഗ്ഗങ്ങളില്‍ക്കൂടി പരിഹരിക്കാം. ഒന്ന്, ലൈംഗികബന്ധത്തിനു മുമ്പളള ക്രീഡകള്‍കൊണ്ട്. രണ്ട്, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം യോനിയില്‍ ഈസ്ട്രജന്‍ അടങ്ങിയ ക്രീമുകളോ ലൂബ്രിക്കേറ്റിംഗ് ജല്ലികളോ പ്രയോഗിക്കുന്നതിലൂടെ.

റെയിന്‍ബോ റവല്യൂഷന്‍
‘റെയിന്‍ബോ റവല്യൂഷന്‍’ അഥവാ മാരിവില്‍ വിപ്‌ളവം എന്നു കേട്ടിട്ടുണ്ടോ ? ആഹാര രീതിയിലുളള പുതിയ മാറ്റത്തെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. മഴവില്ലിന്റെ നിറങ്ങളുളള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ശരീരത്തിന്റെ പ്രായം കൂട്ടുന്നതിന്റെ ഭാഗമായിട്ടുളള കോശശോഷണത്തെ തടയുന്നു. അതുപോലെ ലൈംഗികശേഷിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വയലറ്റ് നിറത്തിലുളള വഴുതനങ്ങ, ചുവന്ന നിറത്തിലുളള തക്കാളി, മഞ്ഞ നിറത്തിലുളള മാമ്പഴം, ഏത്തപ്പഴം, ഓറഞ്ച് നിറത്തിലുളള ഓറഞ്ച്, പച്ചനിറത്തിലുളള വെണ്ടയ്ക്ക കാപ്‌സിക്കം, കാബേജ് ഇവയെല്ലാം ശരീരബലം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

Related Topics

Share this story