Times Kerala

പ്രവാസിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

 
പ്രവാസിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍ പാറയിൽ (49)  ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടെങ്കിൽ കർശന നടപടിയെടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വീഴ്ച ഉണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മന്ത്രി എ സി മൊയ്തീനും പറഞ്ഞു.

മരണം കേവലം ആത്മഹത്യയായി കാണാൻ ആകില്ലെന്നും സിപിഎം ഭരണസമിതി സാജനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് ആരോപിച്ചു.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് സിപിഎമ്മിന്റെ പീഡനം സഹിക്കാനാകാതെയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയാണു നഗരസഭാധ്യക്ഷ. സാജന്റെ മരണം സിപിഎം നടത്തിയ കൊലപാതകമാണ്. സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരസഭ വേട്ടയാടിയെന്നു സാജന്റെ ബന്ധുക്കള്‍ ആരോപിച്ചു.

16 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കൺവെൻഷൻ സെൻററിന് സിപിഎം ഭരണസമിതി അകാരണമായി അനുമതി നിഷേധിച്ചതാണ് സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജില്ലാ ടൗൺ പ്ലാനർ തന്നെ അനുമതി നൽകാൻ നിർദേശിച്ചിട്ടും പല കാരണങ്ങൾ പറഞ്ഞ് നഗരസഭാ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വന്നപ്പോഴാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Related Topics

Share this story