Times Kerala

മറ്റൊരാളുടെ വിവരങ്ങൾ നൽകി കോവിഡ് വായ്പ സ്വന്തമാക്കി; പണം ഉപയോഗിച്ച് ആഡംബര ജീവിതം; ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ; കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ ശിക്ഷ

 
മറ്റൊരാളുടെ വിവരങ്ങൾ നൽകി കോവിഡ് വായ്പ സ്വന്തമാക്കി; പണം ഉപയോഗിച്ച് ആഡംബര ജീവിതം; ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ; കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ ശിക്ഷ

ഫ്ളോറിഡ: മറ്റൊരാളുടെ വിവരങ്ങൾ നൽകി കോവിഡ് വായ്പ സ്വന്തമാക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ പിടിയിൽ. യു.എസിലെ ഫ്ളോറിഡ സ്വദേശിയായ ഡാനിയേല മില്ലറിനെ(31) ആണ് പിടിയിലായത്.മറ്റൊരാളുടെ വിവരങ്ങളും രേഖകളും സ്വന്തമാക്കിയാണ് യു.എസ്. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷനിൽനിന്ന് മില്ലർ ഒരു ലക്ഷം ഡോളർ വായ്പയെടുത്തതെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഈ പണം ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചത്. വായ്പയായി ലഭിച്ച പണംകൊണ്ട് യുവതി ഫ്ളോറിഡയിൽനിന്ന് കാലിഫോർണിയയിലേക്ക് സ്വകാര്യ വിമാനം വാടകയ്ക്കെടുത്ത് യാത്ര ചെയ്തെന്നും ആഡംബര ഹോട്ടലുകളിൽ താമസിച്ചെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.

രജിസ്ട്രി ഓഫ് മോട്ടോർ വെഹിക്കിൾസിന്റെ വെബ്സൈറ്റിൽ നിന്നും ചോർത്തിയ വിവരങ്ങൾ നൽകിയാണ് യുവതി വായ്പ നേടിയത്. ഇൻസ്റ്റഗ്രാമിൽ 34,000-ലേറെ പേർ പിന്തുടരുന്ന ഇൻഫ്ളുവൻസറാണ് ഡാനിയേല മില്ലർ. അടുത്തിടെ ഇവർ ആഡംബര ഹോട്ടലിൽ താമസിച്ചതിന്റെയും ഉല്ലാസയാത്രയുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. യുവതിക്കെതിരേ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ യുവതിക്ക് ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നും അധികൃതർ പറഞ്ഞു.

Related Topics

Share this story