Times Kerala

മസ്തിഷ്‌ക ജ്വരം: ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍

 
മസ്തിഷ്‌ക ജ്വരം: ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 109  കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍. ബിഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതു കൊണ്ടാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് തീരുമാനം.

വിപണിയില്‍ വില്‍പന നടത്തുന്ന ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ചിലതരം ലിച്ചിപ്പഴങ്ങളിലുള്ള ഘടകങ്ങള്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്.  ഇന്നലെ ശ്രീകൃഷ്ണ ആശുപത്രി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാ‍ർ പ്രതിഷേധിച്ചിരുന്നു. മുസഫർപൂരിലെ ആശുപത്രികളിൽ കൂടുതൽ സൗകര്യം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകർ സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി നൽകി. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

Related Topics

Share this story