Times Kerala

സൗമ്യയുടെ കൊലപാതകം; അജാസിന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും

 
സൗമ്യയുടെ കൊലപാതകം; അജാസിന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീവച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ് പി കെ കാർത്തിക് ഉത്തരവിറക്കി. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് മൊഴി നൽകിയിരുന്നു.

സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകൾ ചെങ്ങന്നൂർ ഡിവൈ.എസ്.പി.യുടെ പരിധിയിലെ എസ്.ഐ. മാർക്കു വീതിച്ചുനൽകിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ, ഫോൺവിവരങ്ങൾ, സാക്ഷിമൊഴികൾ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നൽകിയിരിക്കുന്നത്. ആലുവ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജാസിനെ സസ്പെൻഡ് ചെയ്തത്.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Related Topics

Share this story