Times Kerala

കേരള കോണ്‍ഗ്രസ് എം തര്‍ക്കം; പിളരരുത്, യോജിച്ചേ പറ്റൂ; യുഡിഎഫ് നേതൃത്വം

 
കേരള കോണ്‍ഗ്രസ് എം തര്‍ക്കം; പിളരരുത്, യോജിച്ചേ പറ്റൂ; യുഡിഎഫ് നേതൃത്വം

തിരുവനനന്തപുരം: കേരള കോൺഗ്രസിന്‍റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് വിലക്കിയ ഉത്തരവിനെതിരെ ജോസ് കെ.മാണി വിഭാഗം ഇന്ന് തൊടുപുഴ കോടതിയെ സമീപിച്ചേക്കും. ഇതിനിടെ പ്രശ്നത്തിൽ നിയമപരമായ പരിഹാരമുണ്ടാകുന്നതുവരെ പ്രകോപനം പാടില്ലെന്ന് യുഡിഎഫ് നേതാക്കൾ പി.ജെ. ജോസഫിനോട് അഭ്യർത്ഥിച്ചു.

പിളർപ്പൊഴിവാക്കി കേരളകോൺഗ്രസ്(എം) ഒരുമിച്ചു നീങ്ങിയേ തീരൂവെന്നു യുഡിഎഫ് നേതൃത്വം പി.ജെ.ജോസഫിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. മറുവിഭാഗത്തെ നയിക്കുന്ന ജോസ് കെ. മാണിയോടും മുന്നണി നേതൃത്വം സംസാരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിക്കു ചേരാത്ത സമീപനമാണ് കേരള കോൺഗ്രസിലെ ഇരുവിഭാഗവും സ്വീകരിക്കുന്നതെന്ന വിമർശനത്തിലാണു യുഡിഎഫ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.കെ. മുനീർ എന്നിവരാണു ജോസഫുമായി സംസാരിച്ചത്.

രണ്ടു പാർട്ടിയായി പിളരാനുളള ഗൗരവതരമായതൊന്നും കേരള കോൺഗ്രസിൽ സംഭവിച്ചിട്ടില്ലെന്ന വികാരം അവർ പങ്കുവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ജനങ്ങൾ നൽകിയ പിന്തുണയെ മാനിക്കേണ്ടതുണ്ട്. കേരള കോൺഗ്രസിന്റ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന സമീപനമാണ് ഇതുവരെ എടുത്തത്. പ്രശ്നം എങ്ങനെ തീർക്കണമെന്നു നിർദേശിക്കുന്നില്ല. എന്നാൽ വിട്ടുവീഴ്ചകളിലൂടെ യോജിച്ചു പോയേ പറ്റൂ. മുതിർന്ന നേതാവെന്ന നിലയിൽ ജോസഫ് അതിനു മുൻകൈയെടുക്കണം. പാലായിലടക്കം ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടി രണ്ടായി പിളരുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നു മൂന്നു നേതാക്കളും വ്യക്തമാക്കി.

മുൻസിഫ് കോടതിയുടെ സ്റ്റേ ഒരു ഭാഗം കേൾക്കാതെയാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റ വാദം. ഞായറാഴ്ച നടന്ന യോഗത്തിലെ വിവരങ്ങൾ എവിടെയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്. യോഗത്തിൽ ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നതായും അറിയിക്കരുതെന്ന് മുൻസിഫ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഞായരാഴ്ച തന്നെ ഓഫീസിലെത്ത് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ മുൻസിഫ് കോടതിയെ ധരിപ്പിക്കും.

Related Topics

Share this story