Times Kerala

സംഘം ചേര്‍ന്ന് ലൈംഗികാക്രമണം: കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല; 24-കാരി ആത്മഹത്യ ചെയ്തു

 
സംഘം ചേര്‍ന്ന് ലൈംഗികാക്രമണം: കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല; 24-കാരി ആത്മഹത്യ ചെയ്തു

ന്യൂദല്‍ഹി:  തനിക്കെതിരെയുണ്ടായ ലൈംഗികാക്രമണത്തില്‍ പൊലീസ് കേസെടുക്കാതിരുന്നതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് തന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്നു യുവതി ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാതാഗഞ്ചിലാണ് 24-കാരിയായ യുവതിക്കു നേരെ ഒരു സംഘമാളുകള്‍ ലൈംഗികാതിക്രമം നടത്തിയത്. ശനിയാഴ്ച പരാതി നല്‍കിയെങ്കിലും അതില്‍ കേസെടുക്കാന്‍ ദാതാഗഞ്ച് പൊലീസ് വിസ്സമതിക്കുകയായിരുന്നു. തുടര്‍ന്നു ഞായറാഴ്ചയാണ് യുവതിയെ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മെയ് 15-ന്, ഭര്‍ത്താവിന് സുഖമില്ലെന്നു തെറ്റിദ്ധരിപ്പിച്ച് അകന്ന മൂന്നു ബന്ധുക്കള്‍ ചേര്‍ന്ന് തന്നെ തെലങ്കാനയിലെ സെക്കന്തരാബാദിലേക്കു കൊണ്ടുപോയതായും അവിടെവെച്ച് ഒരാഴ്ചയോളം സംഘം ചേര്‍ന്ന് തന്നെ ലൈംഗികമായി ആക്രമിച്ചെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പിന്നീട് യുവതിയെ ദല്‍ഹിയിലേക്കു കൊണ്ടുപോകവെ, റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിതാവിനെ കണ്ടപ്പോള്‍ അവരില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. മൂന്നുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ ബന്ധുക്കളാണു മൂവരും. എന്നാല്‍ ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല.

യുവതി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ദാതാഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് ലാലിനെ സീനിയര്‍ പൊലീസ് സുപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ആക്രമണം നടന്നത് സെക്കന്തരാബാദിലായതിനാല്‍ അവിടുത്തെ സ്റ്റേഷനില്‍ കേസ് നല്‍കാനാണ് ദാതാഗഞ്ച് സ്റ്റേഷനില്‍ നിന്നു യുവതിയോടു പറഞ്ഞതെന്ന് സീനിയര്‍ സുപ്രണ്ട് അശോക് കുമാര്‍ ത്രിപാഠി പറഞ്ഞു. എന്നാല്‍ യുവതിയുടെ മൃതദേഹം കാണപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തതായിറിപ്പോര്‍ട്ട്. എന്നാല്‍ യുവതി ബറെയ്‌ലി മേഖലാ എ.ഡി.ജി.പി അവിനാശ് ചന്ദ്രയ്ക്കും പരാതി നല്‍കിയിരുന്നെന്നും അദ്ദേഹവും കേസെടുക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ ബന്ധുവായ ഒരാള്‍ പറഞ്ഞു.

Related Topics

Share this story