Times Kerala

ചിത്രങ്ങള്‍ അബദ്ധത്തില്‍ ആളുമാറി അയച്ചുപോവുന്നത് തടയാന്‍ വാട്‌സാപ്പ്

 
ചിത്രങ്ങള്‍ അബദ്ധത്തില്‍ ആളുമാറി അയച്ചുപോവുന്നത് തടയാന്‍ വാട്‌സാപ്പ്

ചിത്രങ്ങള്‍ അബദ്ധത്തില്‍ ആളുമാറി അയച്ചുപോവുന്നത് തടയാന്‍ പുതിയ വഴിയുമായി വാട്‌സാപ്പ്. ഇതിനായുള്ള പുതിയ ഫീച്ചര്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ കാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി പരിശോധിക്കാൻ സാധിക്കും.

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ. ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഈ ചിത്രത്തിന് പുറമെ ഇനി സന്ദേശം ലഭിക്കുന്നയാളിന്റെ പേരും കാണാം.

ലഭിക്കുന്ന വിവരം അനുസരിച്ച് ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോഴും വ്യക്തികള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്പോഴും സന്ദേശം ലഭിക്കുന്ന ആളിന്റെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ പേര് ഇതുപോലെ കാണാനാവും.

Related Topics

Share this story