Times Kerala

സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന് സസ്പെൻഷൻ

 
സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന് സസ്പെൻഷൻ

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്യുകയും  വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവിറക്കുകയും ചെയ്തു. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

Related Topics

Share this story