Times Kerala

പ്രിയങ്കയുടെ മരണം; സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍

 
പ്രിയങ്കയുടെ മരണം; സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍

തിരുവനന്തപുരം: നടൻ ഉണ്ണി രാജന്‍.പി.ദേവിന്‍റെ ഭാര്യ പ്രിയങ്കയുടെ ദുരൂഹ മരണത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഗാര്‍ഹിക പീഡനം ആരോപിച്ച് പ്രിയങ്കയുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം നല്‍കാന്‍ കമ്മിഷന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് നിർദ്ദേശം നൽകി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം വെമ്പായത്തെ സ്വന്തം വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃവീട്ടില്‍ നിന്ന് ഏറ്റ ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതേസമയം, ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.

ആഭരണങ്ങള്‍ മുഴുവന്‍ വിറ്റ ശേഷം പ്രിയങ്കയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് ഉണ്ണി രാജന്‍.പി.ദേവിന്‍റെ പതിവായിരുന്നുവെന്നും, അനഗ്നെ പണം ആവശ്യപ്പെട്ടപ്പോൾ കിട്ടാതെ വന്നതോടെ പ്രിയങ്കയെ അങ്കമാലിയിലെ വീട്ടില്‍ നിന്നും ഇയാള്‍ അടിച്ചിറക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രശ്‌നങ്ങള്‍ വീട്ടില്‍ അറിയിക്കാതിരുന്ന പ്രിയങ്കയെ പുറത്താക്കിയപ്പോഴാണ് കുടുംബത്തെ വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉണ്ണിക്കെതിരെ മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

പ്രിയങ്കയുടെ ശരീരത്തില്‍ കടിച്ചതിന്‍റെയും അടിയേറ്റതിന്‍റെയും പാടുകളുടെ ചിത്രങ്ങളും പരാതിക്കൊപ്പം ബന്ധുക്കൾ നല്‍കിയിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങളും ഇവർ പൊലീസിന് കൈമാറിയിരുന്നു. കേസുമായി മുന്നോട്ട് പോകാനായിരുന്നു പ്രിയങ്കയുടെ തീരുമാനം. എന്നാല്‍ ഭീഷണിപ്പെടുത്തിയുള്ള ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ ഉണ്ണി രാജന്‍.പി.ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Topics

Share this story