Times Kerala

കാസര്‍കോട് മുസോടിയിൽ രൂക്ഷമായ കടൽക്ഷോഭം; ഇരുനില വീട് തകര്‍ന്നടിഞ്ഞു

 
കാസര്‍കോട് മുസോടിയിൽ രൂക്ഷമായ കടൽക്ഷോഭം; ഇരുനില വീട് തകര്‍ന്നടിഞ്ഞു

കാസര്‍കോട് : ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയും കടൽക്ഷോഭവും തുടരുകയാണ്. വലിയ നാശനഷ്ടങ്ങളുമാണ് സംസ്ഥാനത്തുടനീളം ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജാലകമ്മീഷൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. കടൽ കരയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാസര്‍കോട് മുസോടിയിൽ. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്

Related Topics

Share this story