Times Kerala

ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തി ആലപ്പുഴയിലെ ഓക്‌സിജൻ ‘വാർ റൂം ‘

 
ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തി ആലപ്പുഴയിലെ ഓക്‌സിജൻ ‘വാർ റൂം ‘

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഓക്‌സിജൻ ക്ഷാമം ഒഴിവാക്കാൻ കരുതൽ നടപടികളുമായി ജില്ലയിലെ ഓക്‌സിജൻ വാർ റൂം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന ഓക്‌സിജൻ വാർ റൂം വഴി ജില്ലയിൽ കൃത്യമായ ഓക്‌സിജൻ മാനേജ്‌മെൻറ് നടക്കുന്നുണ്ട്.

ജില്ലയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള 36 സർക്കാർ ആശുപത്രികൾ, 38 സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ഓക്‌സിജൻറെ മാനേജ്‌മെന്റാണ് വാർ റൂം വഴി നിയന്ത്രിക്കുന്നത്. ഈ 74 ആശുപത്രികളും വാർ റൂം പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള ജാഗ്രതാ പോർട്ടലിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രികളിൽ ഓരോ ദിവസവും വേണ്ടി വരുന്ന ഓക്‌സിജന്റെ അളവ് വാർ റൂം വഴി ശേഖരിക്കും. ഏതെങ്കിലും ആശുപത്രിയിൽ ഓക്‌സിജൻ പര്യാപ്തമായ അളവിൽ ലഭ്യമല്ലെന്നു കണ്ടാൽ ഇവിടേക്ക് മാവേലിക്കരയിലെ ട്രാവൻകൂർ ലിമിറ്റഡിൽ നിന്നും ആവശ്യമായ ഓക്‌സിജൻ എത്തിക്കും.

അതോടൊപ്പം ആശുപത്രികളിൽ അമിതമായി ഓക്‌സിജൻ സ്റ്റോക് ചെയ്യുന്നുണ്ടോ എന്നും വാർ റൂം വഴി കൃത്യമായി പരിശോധിക്കുന്നുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും ഓക്‌സിജൻ ലഭ്യമാകുന്നതിനായി ആശുപത്രികൾക്ക് ‘ക്രിറ്റിക്കൽ ഡിമാൻഡ് ‘ എന്ന അടിയന്തിര സഹായത്തിലൂടെ ഓക്‌സിജൻ ലഭ്യമാക്കാനും വാർ റൂം വഴി സാധിക്കും. ഓരോ ആശുപത്രിയിലെയും വിവരങ്ങൾ അതത് ദിവസം കൃത്യമായ പരിശോധനയിലൂടെ വാർ റൂമിനെ അറിയിക്കാൻ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്.

ഓക്‌സിജൻ മാനേജ്‌മെന്റിനു പുറമേ ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ‘ബെഡ് മാനേജ്‌മെന്റുമുണ്ട്’. ആശുപത്രികളിലെ ആകെ കിടക്കകളുടെയെണ്ണം, നിലവിൽ ഒഴിവുള്ള കിടക്കകൾ അടക്കമുള്ള വിവരങ്ങൾ കൃത്യമായി വിലയിരുത്തി അതിനനുസരിച്ചാണ് ബെഡ് മാനേജ്‌മെന്റ് നടപ്പാക്കുന്നത്. ഇതിലൂടെ ജില്ലയിലെ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത ഉറപ്പ് വരുത്താം.

നോഡൽ ഓഫിസറായ സബ് കളക്ടർ എസ്. ഇലക്യയ്ക്കാണ് വാർ റൂം പ്രവർത്തനങ്ങളുടെ ചുമതല. ഡോ. ബിനീഷിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, റവന്യു വകുപ്പ് ജീവനക്കാർ, അധ്യാപകർ എന്നിവരടങ്ങുന്ന സംഘമാണ് വാർ റൂം പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

Related Topics

Share this story