Times Kerala

കോവിഡ് കാലത്തെ കാലിത്തീറ്റ സബ്സിഡി; അപവാദ പ്രചാരണത്തിനെതിരെ കേരള ഫീഡ്സ് നിയമനടപടിയ്ക്ക്

 
കോവിഡ് കാലത്തെ കാലിത്തീറ്റ സബ്സിഡി; അപവാദ പ്രചാരണത്തിനെതിരെ കേരള ഫീഡ്സ് നിയമനടപടിയ്ക്ക്

തൃശ്ശൂര്‍: കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലിത്തീറ്റ സബ്സിഡി കേരള ഫീഡ്സ് നല്‍കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്പനി ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ അറിയിച്ചു. അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കേരളഫീഡ്സ് തീരുമാനം.

2020 ല്‍ കൊവിഡ് ബാധയെതുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ‘ക്ഷീരകര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ്’ എന്ന പദ്ധതി 2020 ല്‍ പ്രഖ്യാപിച്ചത്. 50 കിലോ കാലിത്തീറ്റ ചാക്ക് ഒന്നിന് 400 രൂപ കുറച്ച് നല്‍കുന്നതാണ് പദ്ധതി. വിപണി വില കണക്കാക്കാതെ ചാക്കൊന്നിന് നൂറു രൂപയോളം കുറവ് വരുന്ന ഡീലര്‍ വിലയ്ക്കാണ് കേരള ഫീഡ്സ് ഈ പദ്ധതിയിലേക്ക് കാലിത്തീറ്റ നല്‍കിയത്. സബ്സിഡി കിഴിച്ചുള്ള തുക അര്‍ഹരായ കര്‍ഷകര്‍ ക്ഷീരവികസന വകുപ്പില്‍ അടച്ചാല്‍ അവരുടെ പക്കലേക്ക് കാലിത്തീറ്റ എത്തിക്കുന്നതാണ് ഈ പദ്ധതി. സബ്സിഡി നേരിട്ട് കര്‍ഷകനിലേക്കെത്തിച്ചാല്‍ മിണ്ടാപ്രാണികള്‍ക്ക് കാലിത്തീറ്റ യഥാസമയം ലഭിക്കുമോയെന്ന സംശയം നിമിത്തമാണ് സര്‍ക്കാര്‍ നേരിട്ട് കാലിത്തീറ്റയെത്തിക്കാന്‍ നടപടിയെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ കേരളഫീഡ്സ്സിനും മില്‍മയ്ക്കുമാണ് കാലിത്തീറ്റ വിതരണത്തിന്‍റെ ചുമതല. വളരെ കാര്യക്ഷമമായി ഈ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കി.

2021 മേയ് മാസത്തെ വില പരിശോധിച്ചാല്‍ വിപണിവിലയേക്കാള്‍ 85 രൂപ കുറച്ചാണ് കേരള ഫീഡ്സ് കാലിത്തീറ്റ നല്‍കുന്നത്. അസംസ്കൃത വസ്തുക്കള്‍ക്ക് വില കൂടുമ്പോള്‍ കാലിത്തീറ്റയ്ക്ക് വില കൂട്ടുന്ന പതിവ് കേരള ഫീഡ്സിനില്ല.

പല പ്രതിസന്ധികള്‍ മൂലം ക്ഷീരകര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ സ്വന്തം നിലയ്ക്കും സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരവും നിരവധി ക്ഷേമപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി വരുന്ന പൊതുമേഖലാ സ്ഥാപനമാണ് കേരള ഫീഡ്സ്. കൊവിഡ് പ്രതിസന്ധിക്കിടയിലും 1750 ടണ്‍ കാലിത്തീറ്റ കേരളത്തിലെ വിപണിയിലേക്കെത്തിക്കാന്‍ കേരള ഫീഡ്സ് സജ്ജമാണെന്ന് എം ഡി ഡോ. ബി ശ്രീകുമാര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ ഇതായിരിക്കെ കേരളാ ഫീസിന് തകര്‍ക്കാനുള്ള ചില കുബുദ്ധികളുടെ കുത്സിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story