Times Kerala

നീങ്ങുന്നത് യുദ്ധത്തിലേക്കോ? ; ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക; എന്തിനും തയ്യാറെന്ന് ഹമാസ്; കുരുതിക്കളമായി ഗാസ-ഇസ്രായേൽ മേഖല

 
നീങ്ങുന്നത് യുദ്ധത്തിലേക്കോ? ; ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക; എന്തിനും തയ്യാറെന്ന് ഹമാസ്; കുരുതിക്കളമായി ഗാസ-ഇസ്രായേൽ മേഖല

ഹമാസും ഇസ്രായേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിൽ ലോകം. അടുത്ത കാലത്തൊന്നുമില്ലാത്ത ആക്രമണ പരമ്പരകളാണ് ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. 2014ലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഇത്ര വലിയ വ്യോമാക്രമണം ഗാസയിലേക്ക് നടത്തുന്നത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. അക്ഷരാർത്ഥത്തിൽ സംഘർഷ മേഖലയെ ദുരന്തഭൂമിയായിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയമ്, സംഘർഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന് യുഎന്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ആശങ്ക രേഖപ്പെടുത്തി. 72 പേര്‍ ഇതിനോടകം ഗാസയില്‍ കൊല്ലപ്പെട്ടതയാണ് റിപ്പോർട്ട്. ഇതില്‍ 17 കുട്ടികളും ഉള്‍പ്പെടുന്നു.

ഇതിനിടെ ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്ന് ഇസ്രായേലിന് ഹമാസിന്റെ മുന്നറിയിപ്പ് എത്തി. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു വീണതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഹമാസ് എത്തിയത്. ടെല്‍ അവീവ് തകർത്തുകളയും എന്നാണു സംഘടനയുടെ മുന്നറിയിപ്പ്. ഇതിനിടെ ടെല്‍ അവീവ് ലക്ഷ്യമാക്കി 130 റോക്കറ്റുകള്‍ ഹമാസ് തൊടുത്തു വിട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ കമാണ്ടർ അടക്കം നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം രൂക്ഷമായത്. അതേസമയം,വരും ദിവസങ്ങളിലൊന്നും വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇരുഭാഗങ്ങളുടെയും നിലപാട് വ്യക്തമാക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഹമാസിനെതിരെ ഇസ്രായേലിന്റെ വ്യോമാക്രമണത്തെ ന്യായീകരിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെനന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Related Topics

Share this story