Times Kerala

അഭയ കേസിലെ പ്രതി കോട്ടൂരിന് 90 ദിവസം പരോൾ; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ

 
അഭയ കേസിലെ പ്രതി കോട്ടൂരിന് 90 ദിവസം പരോൾ; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോൾ അനുവദിച്ചതായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ അറിയിച്ചു. പ്രതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷ കിട്ടിയാലും ജയിലിൽ കിടത്താതെ, ഇതുപോലുള്ള പരോളുകൾ അനുവദിച്ച് പ്രതികളെ സ്വൈര്യജീവിതം നയിക്കാൻ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ തന്റെ ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.

ജോമോന്റെ പുത്തൻപുറക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്…

ജയിലിൽ കോവിഡ് വർധിച്ചുവെന്ന പേരിൽ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരിന് 90 ദിവസം പരോൾ അനുവദിച്ചു.
സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കോവിഡ് വർധിച്ചുവെന്ന പേരിൽ, സെൻട്രൽ ജയിലിലെ ഹൈപവർ കമ്മിറ്റി 90 ദിവസം പരോൾ അനുവദിച്ചതിനെ തുടർന്ന്, പ്രതി കോട്ടൂർ ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങിയെന്ന്, സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നോട് പറഞ്ഞിരുന്നു.
ഹൈക്കോടതി ജഡ്ജി സി.റ്റി. രവികുമാർ, ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ്, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയിൽ ഹൈപവർ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികൾക്ക് പരോൾ അനുവദിച്ച കൂടെയാണ്, അഭയ കേസിലെ പ്രതിയ്ക്കും പരോൾ ലഭിച്ചത്. എന്നാൽ, ഫാ. തോമസ് കോട്ടൂർ നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കഴിഞ്ഞ 4 മാസത്തിനുള്ളിൽ 5 പ്രാവശ്യവും ഫാ.കോട്ടൂരിന് ജാമ്യം നിഷേധിച്ചിരുന്നു.
അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ രണ്ട് പ്രതികൾക്ക് 2020 ഡിസംബർ 23 ന്, കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, 5 മാസം പോലും തികയുന്നതിനു മുൻപാണ് പ്രതി തോമസ് കോട്ടൂർ ഇന്നലെ പരോൾ അനുവദിച്ച് പുറത്തു പോയത്.
1992 മാർച്ച്‌ 27ന് നടന്ന കൊലപാതകം, പ്രതികൾ അന്വേഷണ ഏജൻസികളെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചും, വിചാരണ നീട്ടി കൊണ്ട് പോയും 28 വർഷം കഴിഞ്ഞാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നിട്ട്, അറുപത് വയസ്സു കഴിഞ്ഞുവെന്നും, കോവിഡ് തരംഗമായതിനാൽ പരോൾ അനുവദിക്കുന്നുവെന്നും പറയുന്ന നിലപാട്, ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിയാതെ പകച്ചു നിൽക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരിൽ പരോൾ അനുവദിച്ചു രക്ഷിക്കാൻ ശ്രമിച്ചത്. പ്രതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷ കിട്ടിയാലും ജയിലിൽ കിടത്താതെ, ഇതുപോലുള്ള പരോളുകൾ അനുവദിച്ച് പ്രതികളെ സ്വൈര്യജീവിതം നയിക്കാൻ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.
– ജോമോൻ പുത്തൻപുരയ്‌ക്കൽ
12 – 05 -2021

Related Topics

Share this story