Times Kerala

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാല ഇഡിഐഐ-യുമായി ചേര്‍ന്ന് ബ്ലോക്ചെയിന്‍ പ്രോഗ്രാം തുടങ്ങുന്നു

 
സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാല ഇഡിഐഐ-യുമായി ചേര്‍ന്ന് ബ്ലോക്ചെയിന്‍ പ്രോഗ്രാം തുടങ്ങുന്നു

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യം നേടാനും വ്യവസായങ്ങള്‍ തുടങ്ങാനും സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡിജിറ്റല്‍ സര്‍വകലാശാല (ഡിയുകെ) ഓണ്‍ലൈനായി സെര്‍ട്ടിഫൈഡ് ബ്ലോക്ചെയിന്‍ സ്റ്റാര്‍ട്ടപ് പ്രോഗ്രാമിനു തുടക്കമിട്ടു.

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയായ ഡിയുകെ സംസ്ഥാന സര്‍ക്കാരിന്‍റെ കേരള ബ്ലോക്ചെയിന്‍ അക്കാദമി (കെബിഎ), അഹമ്മദാബാദിലെ ഓന്‍ട്രപ്രെന്യൂര്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. ജൂണ്‍ ഏഴിന് ആദ്യ ബാച്ച് ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കായിരിക്കും കോഴ്സില്‍ ചേരാന്‍ അവസരം ലഭിക്കുക.

ഡിയുകെ പ്രജ്ഞ ( http://prajna.duk.ac.in/) എന്ന പേരില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലെ ആദ്യ കോഴ്സാണിത്. ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാന വിവരങ്ങളും സര്‍ക്കാര്‍, ബാങ്കിംഗ്, സപ്ലൈചെയിന്‍, റിയല്‍ എസ്റ്റേറ്റ്, പരിസ്ഥിതി, ആരോഗ്യ പരിരക്ഷ തുടങ്ങിയ മേഖലകളില്‍ ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കുന്നതിനുള്ള വിവരങ്ങളും 14 ദിവസത്തെ പ്രോഗ്രാമിലൂടെ ലഭിക്കും. സംരംഭകത്വത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനൊപ്പം ബ്ലോക്ചെയിന്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും ഇതിലൂടെ നല്‍കും.

ലോകത്തെവിടെയുമുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഈ പ്രോഗ്രാമില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും നിയമവശങ്ങള്‍, വിപണനം, ബ്രാന്‍ഡിംഗ്, നിക്ഷേപ സമാഹരണം എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്ന വിഷയങ്ങളുണ്ട്. നിലവില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വ്യവസായങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യും.

ഡിയുകെ-യുടെ നേതൃത്വത്തില്‍ ഇഡിഐഐ, കെബിഎ എന്നിവ സംയുക്തമായി ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ സൂക്ഷ്മമായ കോഴ്സുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.

പരിവര്‍ത്തനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയായ ബ്ലോക്ചെയിനിലൂടെ സംരംഭങ്ങളെ സുസ്ഥിരമാക്കാന്‍ കഴിയുമെന്ന് പ്രോഗ്രാമിനെക്കുറിച്ച് വിവരിച്ചുകൊണ്ട് നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഡിയുകെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഇപ്പോഴും ഇന്ത്യയില്‍ പ്രാരംഭ ദിശയില്‍തന്നെയാണെന്ന് ഇഡിഐഐ ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ ശുക്ല ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ ഏറെ ഉപയോഗപ്രദമാകുന്ന ബ്ലോക്ചെയിനിന്‍റെ സാധ്യതകളെക്കുറിച്ച് മിക്ക വ്യവസായങ്ങള്‍ക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരാഗത സമ്പ്രദായങ്ങള്‍ക്കപ്പുറമായി വിപണി വികസിപ്പിക്കുന്നതിനും വിനിമയ സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതിനും ബ്ലോക്ചെയിനിലൂടെ സാധ്യമാകുമെന്ന് ഡിയുകെ ഗവേഷണ-വികസന വിഭാഗം ഡീനും കെബിഎ പ്രൊഫസര്‍ ഇന്‍ ചാര്‍ജുമായ ഡോ. അഷറഫ് എസ് പറഞ്ഞു.

ബ്ലോക്ചെയിന്‍ ഉപയോഗിച്ച് സംരംഭകത്വത്തിനുള്ള നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ടെന്ന് ഇഡിഐഐ ദക്ഷിണമേഖലാ ഡയറക്ടര്‍ ഡോ. രാമന്‍ ഗുജ്റാല്‍ ചൂണ്ടിക്കാട്ടി.

http://prajna.duk.ac.in/ എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷനടക്കം കോഴ്സിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭിക്കും.

Related Topics

Share this story