Times Kerala

പ്രാദേശിക ഭാഷകള്‍ വിലക്കിയ തീരുമാനം തിരുത്തി റെയില്‍വേ

 
പ്രാദേശിക ഭാഷകള്‍ വിലക്കിയ തീരുമാനം തിരുത്തി  റെയില്‍വേ

ചെന്നൈ: റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററും ഡിവിഷനല്‍ കണ്‍ട്രോള്‍ ഓഫിസറും തമ്മിലുള്ള ആശയവിനിമയം ഇംഗ്ലിഷിലോ ഹിന്ദിയിലോ വേണമെന്നും പ്രാദേശിക ഭാഷ ഉപയോഗിക്കരുതെന്നും നിര്‍ദേശിക്കുന്ന വിവാദ സര്‍ക്കുലര്‍ ദക്ഷിണ റെയില്‍വേ പിന്‍വലിച്ചു. അപകടസാധ്യത ഒഴിവാക്കാന്‍ ഇരുവര്‍ക്കും വ്യക്തമായി മനസിലാക്കുന്ന രീതിയില്‍ ആശയവിനിമയം നടത്തണമെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തീരുമാനം. തമിഴ്‍നാട്ടില്‍ ഡിഎംകെ കടുത്ത പ്രതിഷേധമാണ് നടത്തിയത്. ഒടുവില്‍ ഇന്ത്യന്‍ റെയില്‍വെ വഴങ്ങുകയായിരുന്നു.

ജൂണ്‍ 12 ന് ചീഫ് ട്രാന്‍സ്‌പൊര്‍ട്ടേഷന്‍ പ്ലാനിങ് ഓഫീസറായ ആര്‍ ശിവ ഇറക്കിയ ഉത്തരവാണ്‌ വിവാദങ്ങള്‍ക്ക് കാരണമായത്. എന്താണ് പറയുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഈ നിര്‍ദേശമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. സ്റ്റേഷന്‍ ജീവനക്കാര്‍ക്കും ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം മതിയെന്ന് നിര്‍ദേശിച്ചാണ് ബുധനാഴ്‍ച്ച നോട്ടീസ് നല്‍കിയത്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നിര്‍ദേശിച്ചു. ഇത് വിവാദത്തിലായി.

ആശയവിനിമയത്തിലെ പാളിച്ച കാരണം രണ്ടു മാസം മുന്‍പ് മധുര തിരുമംഗലത്തിനുസമീപം രണ്ടു ട്രെയിനുകള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണു ദക്ഷിണ റെയില്‍വേ ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും രംഗത്തുവന്നിരുന്നു.

Related Topics

Share this story