Times Kerala

സ്റ്റിച്ച് വലിയുമ്പോഴൊക്കെ അനുഭവിച്ചത് മരണ വേദന, കുഞ്ഞിനെ മുലയൂട്ടാന്‍ പോലും കഴിഞ്ഞില്ല; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് ഒരു അമ്മയുടെ കുറിപ്പ്

 
സ്റ്റിച്ച് വലിയുമ്പോഴൊക്കെ അനുഭവിച്ചത് മരണ വേദന, കുഞ്ഞിനെ മുലയൂട്ടാന്‍ പോലും കഴിഞ്ഞില്ല; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് ഒരു അമ്മയുടെ കുറിപ്പ്

പ്രസവാനന്തരം സത്രീകള്‍ നേരിടേണ്ടി വരുന്ന വലിയ പ്രതിസന്ധിയാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍. ചുരുക്കം ചിലര്‍ക്ക് എങ്കിലും ഈ അവസ്ഥയിലൂടെ കടന്ന് പോകേണ്ടതായി വരാറുണ്ടെന്നത് സത്യമാണ്. ഒപ്പമുള്ള പുരുഷന്മാര്‍ക്ക് പോലും അത് മനസിലാകണമെന്നില്ല. പ്രസവാനന്തരം താന്‍ അനുഭവിച്ച വേദനയുടെ ആഴവും പരപ്പും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ തുറന്ന് പറയുകയാണ് ആന്‍സി സികെ എന്ന യുവതി.

അന്‍സിയുടെ കുറിപ്പ്;

postpartumdepression നീ മാത്രാണോ ലോകത്ത് ആദ്യമായ് പ്രസവിക്കുന്നെ, ഈ ചോദ്യം നേരിട്ട സ്ത്രീകള്‍ ധാരാളമുണ്ടാകും. Postpartum depression, ഭ്രാന്തല്ല, ഒരവസ്ഥയാണ് മരണത്തെ നേരില്‍ കാണുന്ന, അല്ലെങ്കില്‍ പ്രതീക്ഷകള്‍ ഒന്നുമില്ലാതാകുന്ന അവസ്ഥ. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊഞ്ചിക്കാനോ, മുലയൂട്ടുവാനോ കഴിയാതെ ഒരുതരം മരവിപ്പില്‍ മാതൃത്വം കുടുങ്ങി പോകുന്ന അവസ്ഥ. മുലകള്‍ രണ്ടും പാല്‍ നിറഞ്ഞു കനം തൂങ്ങി വേദന നിറയുമ്പോള്‍ പോലും, മുല പാല്‍ ഒഴുകി നെഞ്ചും വയറും നനഞ്ഞാലും മുലയൂട്ടുവാനുള്ള മാനസിക അവസ്ഥ ഇല്ലാതെ കരച്ചിലും ദേഷ്യവും നിറഞ് മരവിച്ച് പോകുന്ന ദിവസങ്ങള്‍….

Post partum depression ഒരു തമാശയല്ല വളെരെ വളെരെ ഗൗരവത്തോടെ കാണേണ്ട ഒരു അവസ്ഥയാണത്, മാനസിക രോഗമല്ല…. പ്രസവ ശേഷം വരുന്ന ഹോര്‍മോണ്‍ വ്യത്യസങ്ങള്‍ മൂലം ഏഴില്‍ ഒരമ്മ എന്ന കണക്കില്‍ post partum depression അനുഭവിക്കുന്നവരുണ്ട് കേട്ടിട്ട് മാത്രമുണ്ടായിരുന്ന post partum depression ഞാന്‍ അനുഭവിച്ച് തീര്‍ത്തതാണ്. അതിജീവിക്കാന്‍ എളുപ്പമല്ല ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ ആത്മഹത്യയെ അഭയം പ്രാപിച്ചേക്കാം. പ്രസവശേഷം ഒരു സ്ത്രീ അവളുടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു, പിന്നെയും എത്ര നാള്‍ കഴിഞ്ഞാലാണ് ഒരു സാധാരണ ജീവിതത്തിലേക്ക് അവള്‍ തിരിച്ച് വരിക.

കുഞ്ഞ് ഉണരുമോ എന്ന ചിന്തയില്‍ ആണ് ഊണും ഉറക്കവും,..സ്റ്റിച്ചിട്ട വേദന, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, രാത്രിമുഴുവനുമുള്ള കുഞ്ഞിന്റെ കരച്ചില്‍, ഇനിയും ശെരിയാകാത്ത ഉറക്കം,എണ്ണയും കുഴമ്പും തേച് തിളച്ച വെള്ളത്തില്‍ വേതിട്ടുള്ള കുളി. എല്ലാം കൂടി താങ്ങാന്‍ കഴിയാത്ത അവസ്ഥ. കുഞ്ഞിനേയും എന്നെയും നോക്കാന്‍ അമ്മ മാത്രാണ് ഉണ്ടായിരുന്നത് അത്‌കൊണ്ട് തന്നെ ഞാന്‍ കുറച്ച് കൂടുതല്‍ കഷ്ട്ടപെട്ടു, ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വന്നതിന്റെ രണ്ടാം ദിവസം മുതല്‍ ഞാന്‍ ഒറ്റക്കാണ് കുളിച്ചത്, കുനിയുമ്പോഴും നിവരുമ്പോഴും സ്റ്റിച്ച് വലിയുന്ന വേദനയില്‍ കണ്ണുനീര്‍ ഒഴുകും, വിശപ്പും ദാഹവുമില്ലാതെ ദിവസങ്ങള്‍ തള്ളിനീങ്ങി, ഉറക്കം ശെരിയാകാതെ കണ്ണുകളില്‍ കറുപ്പ് തടം കെട്ടി, കുഞ്ഞിന് മുലയൂട്ടാന്‍ പോലും എഴുന്നേറ്റിരിക്കാന്‍ കഴിയാത്ത അവസ്ഥ, മാറിടം നിറഞ് മുലപാല്‍ ബ്രായും ചുരിദാറും നനച്ചത്, പാല്‍ കെട്ടിനിന്ന് മാറിടം വേദനിച്ചത്,,,,

ആരും എന്നെ ശ്രെദ്ധിക്കുന്നില്ലെന്ന പരാതിയില്‍ ഇടക്കിടക്ക് ചെന്ന് കണ്ണാടി നോക്കി കരഞ്ഞത്,,, കുഞ് എത്ര കരഞ്ഞാലും, അവനെ എടുത്തോമനിക്കാന്‍ എന്റെ കയ്യില്‍ ഒരിറ്റുപോലും വാത്സല്യം ഇല്ലാതെ പോയതും ഇന്നെലെ കഴിഞ്ഞ പോലെ,,, എനിക്കെല്ലാരോടും ദേഷ്യമായിരുന്നു അമ്മയോട്, വിഷ്ണുവിനോട്, കുഞ്ഞിനോട് അങ്ങനെ അങ്ങനെ എല്ലാത്തിനോടും ദേഷ്യം…… ഏകദേശം മൂന്ന് ആഴ്ചയോളം എനിക്ക് എന്നെ പോലും ഇഷ്ട്ടമല്ലായിരുന്നു, Post partum depression നെ കുറിച്ച് നേരത്തെ അറിയുന്നത്‌കൊണ്ട് ഡോക്ടറിന്റെ കൗണ്‍സിലിംഗ് എടുത്തു… വിഷ്ണുവേട്ടനോട് പറഞ്ഞു. കുഞ്ഞിനെ സ്‌നേഹിക്കൂ എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു…. അങ്ങനെ ഏകദേശം പതിനഞ്ചു ദിവസത്തിനു ശേഷമാണ് ആത്മാര്‍ത്ഥതയോടെ, വാത്സല്യത്തോടെ ഞാന്‍ എന്റെ കുഞ്ഞിനെ എടുത്തത്…. അന്നാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് ഞാന്‍ അവന് ആദ്യത്തെ ഉമ്മ കൊടുത്തത് ഓര്‍ത്തത്, അന്നാണ് അവനെ ഞാന്‍ മതിവരുവോളം മുലയൂട്ടിയത്….. അന്ന് മുതല്‍ ആണ് ഞാന്‍ അമ്മയായത്…

നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാകുമായിരുന്ന ജീവിതം തിരികെ തന്നത് തനുവിന്റെ ചിരിയാണ്, വിഷ്ണു ഏട്ടന്റെ ചേര്‍ത്ത് നിര്‍ത്തലാണ്….. അല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നെ വല്ലാതെ വെറുത്തു പോകുമായിരുന്നു……… ഞാന്‍ ഇപ്പോള്‍ ഓര്‍ക്കാറുണ്ട് വിഷ്ണു ജോലി തിരക്കിനിടയില്‍ നിന്നും ഇടക്കിടക്ക് എന്നെ വിളിച്ചില്ലെങ്കില്‍, വീട്ടില്‍ വരുമ്പോളൊക്കെ എന്നെ കെട്ടിപിടിച്ചില്ലെങ്കില്‍, എന്നെ ചിരിപ്പിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു, കണ്ണുനിറയാതെ എനിക്കെഴുതാന്‍ കഴിയില്ല….. Post partum depression തീവ്രമായ ഒന്നാണ്, ഒരു സ്ത്രീ അമ്മയാകുന്നതോടെ അവളോടുള്ള കരുതല്‍ കൂടണം, കൂടുതല്‍ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തണം…….. ചേര്‍ത്ത് നിര്‍ത്തേണ്ടത് നിങ്ങളാണ്, ആണുങ്ങളാണ്…… ഒരു കയ്യ് നീട്ടിയാല്‍ അവള്‍ ജീവിച്ചാലോ,, അവള്‍ ചിരിച്ചാലോ….

Related Topics

Share this story