Times Kerala

പന്ത്രണ്ട്കാരിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി രണ്ടാനച്ഛന്‍

 
പന്ത്രണ്ട്കാരിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി രണ്ടാനച്ഛന്‍

ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ാം വയസ്സില്‍ തട്ടിക്കൊണ്ടു പോയ രണ്ടാനച്ഛന്‍ അവളെ 20 വര്‍ഷം തടവിൽ ബലാല്‍സംഗത്തിനിരയാക്കി ജന്മം നല്‍കിയത് ഒമ്പത് കുട്ടികള്‍ക്ക്. ഇപ്പോള്‍ 63 വയസ്സുള്ള ഹെന്റി മൈക്കള്‍ പിയറ്റാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം ചെയ്തത്.

ഒക്ലഹോമയിലെ വീട്ടില്‍നിന്ന് 1997-ലാണ് 12-ാം വയസ്സില്‍ റോസലിന്‍ മക്ഗിന്നിസിനെ മൈക്കല്‍ പിയേറ്റ് തട്ടിക്കൊണ്ടുപോയത്. മെക്സിക്കോയിലും യു.എസിലുമായി മാറിമാറി പെണ്‍കുട്ടിയെ ഒളിപ്പിച്ച് മൈക്കല്‍, അവള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു.

19 വര്‍ഷത്തോളം ഇത്തരത്തില്‍ തടവില്‍ കഴിയേണ്ടിവന്ന റോസലിന്‍ ഇതിനിടെ ഒമ്പതുവട്ടം പ്രസവിച്ചു. 2016-ല്‍ മൈക്കലിന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട് മെക്സിക്കോയിലുള്ള മക്കളുടെ അടുത്ത് മടങ്ങിയെത്തിയ റോസലിന്‍, താന്‍ നേരിട്ട പീഡനം പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. വിചാരണയ്ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് മൈക്കലിന്റെ ശിക്ഷ കോടതി പ്രഖ്യാപിച്ചത്.

രണ്ടുപതിറ്റാണ്ടോളം നീണ്ട അതിക്രൂരമായ പീഡനത്തിനാണ് റോസലിന്‍ ഇരയായതെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോസലിന്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത്.

തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും തനിക്ക് മനസ്സിലായിരുന്നില്ലെന്ന് റോസലിന്‍ പറയുന്നു. ഭയചകിതയായി മൈക്കല്‍ പറയുന്നതുപോലെ ചെയ്യുക മാത്രമായിരുന്നു അന്നെന്നും അവര്‍ പറയുന്നു. 12 വയസ്സുമാത്രമുള്ള ഒരു കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നുവെന്ന് ഇന്ന് ആശ്ചര്യപ്പെടുന്നുവെന്നും അവര്‍ പറയുന്നു.

റോസലിന് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ മൈക്കലുമായി പ്രണയത്തിലാകുന്നത്. അക്കാലത്തുതന്നെ മൈക്കല്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് റോസലിന്‍ പറയുന്നു. റോസലിന്റെ അമ്മയെയും മൈക്കല്‍ മര്‍ദിക്കുമായിരുന്നു. മര്‍ദനം സഹിക്കവയ്യാതെ 1997-ല്‍ അമ്മ മൈക്കലുമായി പിണങ്ങി. ഇതിന് പ്രതികാരം വീട്ടാനാണ് അയാള്‍ റോസലിനെ തട്ടിയെടുത്ത്.

തന്റെ മൂന്നുമക്കളെയും കൂടെക്കൂട്ടിയാണ് മൈക്കല്‍ റോസലിനുമായി കടന്നത്. മക്കളോട് പുതിയ അമ്മയാണെന്ന് പറഞ്ഞാണ് റോസലിനെ പരിചയപ്പെടുത്തിയത്. 12-ാം വയസ്സില്‍ റോസലിനെ ഒരു വാനിന്റെ പിന്നില്‍വെച്ച് മൈക്കല്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് കാര്‍മികനായതാകട്ടെ, മൈക്കലിന്റെ 15 വയസ്സുള്ള മൂത്ത മകനും.

15-ാം വയസ്സിലാണ് റോസലിന്‍ ആദ്യ കുട്ടിയെ പ്രസവിച്ചത്. തന്റെ ഒമ്പത് കുട്ടികളും ബലാത്സംഗത്തെ തുടര്‍ന്നുണ്ടായതാണെന്ന് റോസലിന്‍ പറയുന്നു. പേരുമാറ്റിയും മുടിമുറിച്ച് രൂപം മാറ്റിയുമൊക്കെയാണ് റോസലിനെ പല സ്ഥലങ്ങളിലേക്കും മൈക്കല്‍ കൂട്ടിക്കൊണ്ടുപോയിരുന്നത്.

അമേരിക്കയിലാകെ ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്ന് മൈക്കല്‍ വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Related Topics

Share this story