Times Kerala

ബിജെപിക്ക് ഇനിയും മുന്നോട്ട് പോകണം; കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത് ഷാ

 
ബിജെപിക്ക് ഇനിയും മുന്നോട്ട് പോകണം; കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ബിജെപി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാതെ തൃപ്തിയുണ്ടാകില്ലന്ന് ബിജെപി നേതൃയോഗത്തില്‍ അമിത് ഷാ പറഞ്ഞു.  ബിജെപി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ അമിത് ഷാ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തുകയും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബിജെപി അംഗങ്ങള്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ബിജെപിയുടെ വളര്‍ച്ച പൂര്‍ണമാകൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിയുടെ ഏറ്റവും മികച്ച വിജയമായി കണക്കാക്കാനാവില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണം. നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആധാരമെന്ന് അമിത് ഷാ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ തുടങ്ങും. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം.

ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും. ബിജെപി ഭാരവാഹികളും സംസ്ഥാന അധ്യക്ഷന്മാരുമാണ് അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത്.

Related Topics

Share this story