Times Kerala

ജഡ്ജിമാരെ അധിക്ഷേപിച്ച് നിയുക്ത എം.പി കെ. സുധാകരന്‍

 
ജഡ്ജിമാരെ അധിക്ഷേപിച്ച് നിയുക്ത എം.പി കെ. സുധാകരന്‍

കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനമടക്കുമുള്ള വിധികള്‍ പ്രസ്താവിച്ചതിന് ജഡ്ജിമാരെ അധിക്ഷേപിച്ച് നിയുക്ത എം.പി കെ. സുധാകരന്‍. സി.ഓ.ടി നസീറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതീ പ്രവേശനം, ദാമ്പത്യേതര ബന്ധം, സ്വര്‍ഗ വിവാഹം എന്നീ വിഷയങ്ങളില്‍ കോടതി സ്വീകരിച്ച നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് കെ. സുധാകരന്‍ ജഡ്ജിമാരെ അധിക്ഷേപിച്ചത്.

‘തലയും വാലും മൂക്കും ചെവിയും അടക്കപ്പെട്ട നീതി പീഠത്തിന്റെ മനസിനകത്ത് ഒരു ജഡ്ജ്‌മെന്റ് പ്രഖ്യാപിക്കുമ്പോള്‍ ആ വിധി സമൂഹത്തില്‍ എന്ത് പ്രതികരണമുണ്ടാക്കും എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്തം ജഡ്ജിമാര്‍ക്കുണ്ട്. തന്റെ ജഡ്ജിമെന്റ് സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതമെന്താണെന്ന് ജഡ്ജി ആലോചിക്കണം. അതോര്‍ക്കേണ്ടേ. അതിനു മുമ്പ് രണ്ട് വിധി വന്നു. ഒന്ന് ദാമ്പത്യേതര ബന്ധം. രണ്ട് സ്വവര്‍ഗ കല്ല്യാണം. ഞാന്‍ ചോദിച്ചു, ഈ ജഡ്ജി ഈ ജഡ്ജ്‌മെന്റും പ്രഖ്യാപിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ വേറൊരാളുടെ ഒപ്പം ഒരു കിടക്ക പങ്കിടുന്നത് കണ്ടാല്‍ ഇയാള്‍ക്കെന്താ തോന്ന്വാ. ഇയാളവിടെ ഇയാള് പ്രഖ്യാപിച്ച വിധിയും പറഞ്ഞ് പോകുകയാണോ ചെയ്യുക. നിനക്ക് സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞിട്ട്’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. കയ്യടിയോടെയാണ് സുധാകരന്റെ പ്രസ്താവനയെ സദസിലുള്ളവര്‍ എതിരേറ്റത്.

കുടുംബ ജീവിതത്തിന്റെ ഭദ്രതയില്‍ കെട്ടിയുറപ്പിച്ച നാടാണ് ഇന്ത്യ. ലോകത്തെവിടെയും ഇതുപോലെ കുടുംബ ബന്ധമില്ല, കുടുംബ ജീവിതമില്ല. ആ കുടുംബ ബന്ധം തകരുന്ന ഒരു വിധി പ്രഖ്യാപിച്ച ആ ജഡ്ജി ഈ സമൂഹത്തോട് നീതിയാണോ കാട്ടിയത്, അനീതിയാണോയെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Related Topics

Share this story