Times Kerala

ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും

 
ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും

ദില്ലി: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച്  ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും. വ്യാഴാഴ്ച ഹെല്‍മറ്റ് ധരിച്ചാണ്  ഡോക്ടര്‍മാര്‍ ജോലിക്കെത്തിയത്. ബംഗാളിലെ ഡോക്ടര്‍മാരുടെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇന്നും മുഖംതിരിച്ചതോടെയാണ് വെള്ളിയാഴ്ച പണിമുടക്കാന്‍ തീരുമാനിച്ചത്.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുള്ള അക്രമത്തെ എയിംസ് റസിഡന്‍റ്സ് ഡോക്ടേഴ്സ് അസോസിയേഷന്‍ അപലപിച്ചിരുന്നു. നിയമവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും ഡോക്ടര്‍മാരുടെ ഹോസ്റ്റലില്‍ പോലും ആയുധങ്ങളുമായെത്തുന്ന ആള്‍ക്കൂട്ടം ആക്രമിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലെന്ന് പശ്ചിമംബംഗാളിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല് ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. നാലു മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തപക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നായിരുന്നു മമത പറഞ്ഞത്.

Related Topics

Share this story