Times Kerala

31 ദിവസം മോ‍ർച്ചറിയിൽ: പ്രതിഷേധങ്ങൾക്കൊടുവിൽ അന്നമ്മയുടെ മ്യതദേഹം സംസ്‌കരിച്ചു

 
31 ദിവസം മോ‍ർച്ചറിയിൽ: പ്രതിഷേധങ്ങൾക്കൊടുവിൽ അന്നമ്മയുടെ മ്യതദേഹം സംസ്‌കരിച്ചു

കൊല്ലം: സെമിത്തേരിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 31 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിളയി സ്വദേശിനി അന്നമ്മയുടെ  മ്യതദേഹം സംസ്‌കരിച്ചു. കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെ തുടർന്ന് തർക്കമുണ്ടായിരുന്ന കൊല്ലാറയിലെ സെമിത്തേരിയിൽ തന്നെയാണ് മൃതദേഹം മറവുചെയ്തത്. സെമിത്തേരിയിൽ മ്യതദേഹം സംസ്കരിക്കുന്നതിനെതിരെ ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.

ഒരു മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കും  ചര്‍ച്ചകള്‍ക്കുമൊടുവില്‍ പൊലീസ് കാവലില്‍ അന്നമ്മയുടെ മൃതദേഹം സംസ്കരിച്ചത്. അതും കുടുംബത്തിന്റെ ആഗ്രഹപ്രകാരം തുരുത്തിക്കര ജെറുസലേം മാര്‍തോമ പള്ളിയുടെ കൊല്ലാറയിലുള്ള സെമിത്തേരിയില്‍ തന്നെ. എന്നാല്‍ ഹൈക്കോടതിയിലുള്ള കേസിന്റെ വിധി വരാതെ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കരുതെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി. ചിലര്‍ ആത്മഹത്യ ഭീഷണി മുഴക്കി മരങ്ങളിലും മൊബൈല്‍ ടവറിലും നിലയുറപ്പിച്ചു. പ്രതിഷേധത്തിനിടെ ഒരാള്‍ കുഴഞ്ഞുവീഴുകയും ചെയ്തു.

സെമിത്തേരിയിൽ സംസ്കാരം നടത്തിയാൽ അടുത്തുള്ള വീടുകളിലെ കിണറുകൾ മലിനമാകുമെന്നാരോപിച്ചാണ് നാട്ടുകാർ അന്നമ്മയുടെ സംസ്കാരം തടഞ്ഞത്. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.

Related Topics

Share this story