Times Kerala

ശബരിമല വിധി നടപ്പാക്കുന്നതിൽ സർക്കാരിനു അങ്ങേയറ്റം കെടുകാര്യസ്ഥതയുണ്ടായി; വെള്ളാപ്പള്ളി നടേശൻ

 
ശബരിമല വിധി നടപ്പാക്കുന്നതിൽ സർക്കാരിനു അങ്ങേയറ്റം കെടുകാര്യസ്ഥതയുണ്ടായി; വെള്ളാപ്പള്ളി നടേശൻ

കൊല്ലം:  ശബരിമല വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനു അങ്ങേയറ്റം കെടുകാര്യസ്ഥതയുണ്ടായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിന്റെ പേരിൽ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ വച്ചുകെട്ടി കൈകഴുകാൻ എൽഡിഎഫ് ഘടകകക്ഷികൾ ശ്രമിക്കരുത്. പരാജയത്തിന്റെ ഉത്തരവാദിത്തം എൽഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കുമുണ്ട്– എസ്എൻഡിപി യോഗം ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിധി നടപ്പാക്കുന്നതിൽ എടുത്തുചാട്ടം കാണിക്കാതെ ജനവികാരം കണക്കിലെടുത്തു സംയമനം പാലിക്കണമായിരുന്നു. വികാരത്തെ വികാരപൂർവം നേരിടാൻ പാടില്ലായിരുന്നു. അതിന്റെ ഫലമാണു തിരഞ്ഞെടുപ്പിൽ കണ്ടത്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായിയുടെ തലയിൽ വച്ചു തടിയൂരാനാണു ഘടകകക്ഷികളുടെയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെയും ശ്രമം. തിരഞ്ഞെടുപ്പിനു മുന്‍പ് ദേവസ്വം ബോർഡിന്റെ എത്ര യോഗങ്ങൾ കൂടിയിരുന്നു. എൽഡിഎഫ് യോഗങ്ങളും മന്ത്രിസഭാ യോഗങ്ങളും പലതവണ കൂടിയപ്പോഴൊന്നും ശബരിമല വിധി നടപ്പാക്കുന്നതിനെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലായിരുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ വിലയിരുത്തിയിരുന്നു. ശബരിമലയിലെ നിലപാട് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന് തൊട്ടടുത്ത ദിവസം യുവതികൾ മല ചവുട്ടിയത് സ്ത്രീ വോട്ടുകൾ നഷ്ടപ്പെടുത്തിയെന്നും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പൊലീസ് നടപടികൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വിശ്വാസികളെ തിരികെയെത്തിക്കണമെന്നും യോഗം വിലയിരുത്തിയിരുന്നു. എൽജെഡിയാണ് ഇതു സംബന്ധിച്ച വിമർശനം പ്രധാനമായും ഉന്നയിച്ചത്.

Related Topics

Share this story