Times Kerala

വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ. സുധാകരന്‍

 
വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഐഎം വിമതനേതാവ് സി.ഓ.ടി നസീര്‍ വധശ്രമക്കേസില്‍ പൊലീസിന് പ്രകോപനവുമായി കണ്ണൂര്‍ നിയുക്ത എം.പി. കെ സുധാകരന്‍. ഇത് അന്ത്യശാസനമാണ്, ഇനിയും നടപടി വൈകിയാല്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്നാണ് സുധാകരന്‍ പരഞ്ഞത്. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് കോണ്‍ഗ്രസ് ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ. സുധാകരന്‍.

ഇന്ന് രാവിലെ ആരംഭിച്ച സമരം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സംരക്ഷണം പറയുന്ന സി.പി ഐ.എം നസീറിനെ വെട്ടിയത് നോമ്പ് തുറന്ന ശേഷമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ആരോപണങ്ങളുയര്‍ത്തിയപ്പോള്‍ എംഎല്‍എ എന്ത് കൊണ്ട് വിശദീകരണം നല്‍കിയില്ലെന്നും മുരളീധരന്‍ ചോദിച്ചു.

ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും പോലീസിലും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതിനും കോണ്‍ഗ്രസ് മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ഏകാവലംബമായ യുവാക്കളെയാണ് സിപിഎമ്മുകാര്‍ ഇല്ലാതാക്കിയത്. എന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഒരു സംഭവത്തിലും തങ്ങള്‍ക്ക് പങ്കില്ല എന്നാണ് സിപിഎം ആദ്യം പറയുക. ഇപ്പോള്‍ സിഒടി നസീറിനെതിരായ ആക്രമണത്തിലടക്കം സിപിഎമ്മിന്റെ പങ്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നസീര്‍ വധശ്രമക്കേസില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്നത്തെ സമരം. ഷംസീറാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങളോടും ഷംസീര്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഷംസീറിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും ഷംസീറിന് വേണ്ടി വലിയ പ്രതിരോധമുയര്‍ത്താന്‍ സി.പി ഐ.എം ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരം ഊര്‍ജ്ജിതമാക്കാന്‍ ആലോചിച്ചിരിക്കുന്നത്.

Related Topics

Share this story