Times Kerala

മഴ കനക്കുന്നു; ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചേക്കും

 
മഴ കനക്കുന്നു; ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചേക്കും

ട്രന്റ് ബ്രിഡ്ജ്: ഇന്ത്യ ന്യൂസിലാന്റ് മത്സരം മഴമൂലം വൈകുന്നു. ഇന്ത്യന്‍ സമയം മൂന്നു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴമൂലം തുടങ്ങാനായില്ല. ചിലപ്പോള്‍ മത്സരം തന്നെ ഉപേക്ഷിക്കേണ്ടിയും വന്നേക്കാം. കളി നടക്കുമോ എന്നുറപ്പില്ലാത്തതിനാല്‍ ഇതുവരെ ടോസ് ഇട്ടിട്ടില്ല..

ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും തറപറ്റിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതായാണ് കിവീസ് ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്നത്.
ലോക കപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയം ഇന്ത്യയെ അനുഗ്രഹിച്ചപ്പോള്‍ നാലു തവണയും കിവികളുടെതായിരുന്നു വിജയാഹ്ലാദം.

മികച്ച ഫോമിലുള്ള ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ഓസ്‌ട്രേലയക്കെതിരായ മത്സരത്തില്‍ വിരലിന് പൊട്ടലേറ്റതിനാല്‍ കളിക്കുന്നില്ല എന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മക്ക് കൂട്ടായി ഓപ്പണിങ്ങിനിറങ്ങും. ദിനേശ് കാര്‍ത്തിക്കോ വിജയ് ശങ്കറോ ആയിരിക്കും പകരം ടീമിലെത്താന്‍ സാധ്യത.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ച ബുംറ ഭുവനേശ്വര്‍ ബൗളിങ് കൂട്ടുകെട്ടിലാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. മറുവശത്ത് കിവീസ് ബൗളിങ് നിര ഉജ്ജ്വല ഫോമിലാണ്. ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്‍ട്രിയും വിക്കറ്റ് കൊയ്ത് മുന്നേറുകയാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും കിവീസ് ബാറ്റിങ് നിര കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ശ്രീലങ്കക്കും അഫ്ഗാനുമെതിരെ അനായാസമായിരുന്നു കിവീസിന്റെ വിജയം. ബംഗ്ലാദേശ് പൊരുതിയാണ് തോറ്റത്.

നനഞ്ഞ മൈതാനം കളിക്കു സജ്ജമാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് കഠിനാധ്വാനത്തിലാണ്. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് ഏറെ സാധ്യത.

Related Topics

Share this story