Times Kerala

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍

 
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ലക്‌നൗ: യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കയെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലേകന യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും പരാജയകാരണവും സംഘാടനത്തിലെ അപാകതകള്‍ കാരണമാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഭാവിയില്‍ തെരഞ്ഞെടുപ്പുകളെ പാര്‍ട്ടി ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. യോഗത്തില്‍, അടുത്ത ഉപതെരഞ്ഞെടുപ്പുകളുലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി എത്തണമെന്നും ആവശ്യപ്പെട്ടു.

‘തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിക്കാന്‍ പ്രിയങ്ക വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടത് സത്യമാണ്. ബി.ജെ.പി തെരഞ്ഞെടുപ്പ് ധ്രുവീകരണം നടത്തിയതു കൊണ്ടാണ് കോണ്‍ഗ്രസിന് പരാജയം രുചിക്കേണ്ടിവന്നത്’ ഫത്തേപുരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രാകേഷ് സച്ചിന്‍ അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് പ്രിയങ്ക എത്തിയതെങ്കിലും 2022 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസായിരിക്കണമെന്ന അജണ്ടയോടെയാണ് രാഹുല്‍ പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Related Topics

Share this story