Times Kerala

ഹാര്‍ലിയുടെ നികുതി പൂജ്യം ശതമാനമാകണമെന്ന് ഇന്ത്യയോട് ട്രംപ്

 
ഹാര്‍ലിയുടെ നികുതി പൂജ്യം ശതമാനമാകണമെന്ന് ഇന്ത്യയോട് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യ – യുഎസ് നയതന്ത്ര ചര്‍ച്ചകളില്‍ ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളിന്‍റെ ഇറക്കുമതി തീരുവ തീരുമാനമാകാത്ത ചര്‍ച്ചാ വിഷയമാണ് . ഈ പ്രശ്നത്തിലെ അതൃപ്തി ട്രംപ് നേരിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് താരിഫ് കുറച്ചിരുന്നു.

അതെ സമയം യുഎസ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ പൂജ്യം ശതമാനത്തിലേക്ക് എത്തിക്കണമെന്ന വാശിയിലാണ് ഡൊണാള്‍ഡ് ട്രംപ്. 100 ല്‍ നിന്ന് 50 ശതമാനത്തിലേക്ക് കുറച്ച ഇന്ത്യയുടെ തീരുമാനം സ്വീകാര്യമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വിഷയത്തില്‍ ഇന്ത്യയോടുളള അതൃപ്തി തുറന്നടിച്ചത്.

‘പ്രധാനമന്ത്രി മോദി എന്‍റെ ഉറ്റസുഹൃത്താണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ നോക്കൂ, മോട്ടോര്‍സൈക്കിളിന് അവര്‍ 100 ശതമാനം നികുതി ഈടാക്കുന്നു. നാം അവരില്‍ നിന്ന് ഒന്നും ഈടാക്കുന്നുമില്ല. അവര്‍ അനേകം മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ടാക്കുന്നു, അവര്‍ അത് കയറ്റി അയക്കുന്നു, നമ്മള്‍ ഒന്നും ചാര്‍ജ് ചെയ്യുന്നില്ല. ഞാന്‍ മോദിയെ വിളിച്ചു ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞു’ പ്രസിഡന്‍റ് ട്രംപ് മോദിയുമായുളള തന്‍റെ ടെലിഫോണ്‍ സംഭാഷണത്തെപ്പറ്റി വിശദമാക്കി.

‘എന്‍റെ ഒരു ഫോണ്‍ കോള്‍ കൊണ്ട് മോദി 50 ശതമാനം നികുതി കുറച്ചു. ഞാന്‍ പറഞ്ഞു, ഇത് ഇപ്പോഴും സ്വീകാര്യമല്ലെന്ന് കാരണം 50 ശതമാനവും നികുതി ഇല്ലായ്മയും തമ്മില്‍ വലിയ അന്തരമുണ്ട്. അവര്‍ നികുതി കുറയ്ക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും യുഎസ് മോട്ടോര്‍ സൈക്കിള്‍ താരിഫ് വിഷയത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് .

Related Topics

Share this story