chem

അവള്‍ ആര്‍ത്തവരക്തം ഒഴുക്കുന്നത് അശുദ്ധിയല്ല, അങ്ങനെ സംഭവിക്കുന്നത് കൊണ്ടാണ് മനുഷ്യാ… നീ ഉണ്ടാകുന്നത്; യുവതിയുടെ കുറിപ്പ്

ആര്‍ത്തവത്തിന്റെ പേരില്‍ പെൺകുട്ടികളെ അകറ്റി നിര്‍ത്തുന്ന പ്രാകൃത ചിന്തകള്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ആതിര നന്ദികേശ്വരന്‍ എന്ന യുവതി. ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവമുള്ളപ്പോള്‍ പെണ്ണ് അശുദ്ധയാണെന്നുമുള്ള ചിന്തകളോടാണ് ആതിര തന്റെ ഫേസ്‌ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

ആതിരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ജീവിതത്തില്‍ അവ്യക്തമായ , അനാചാരങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന ദുരാചാരങ്ങളോട് പ്രതികരിക്കുന്നതില്‍ തെറ്റില്ലല്ലോ അല്ലേ?! എന്നാല്‍ ഞാന്‍ തുടങ്ങട്ടെ! കാലം നൂറ്റാണ്ടുകള്‍ പിന്നിടുകയും അത് വഴി ഒരുപാട് പുരോഗതികള്‍ ആര്‍ജിക്കുകയും ചെയ്തു എന്ന വസ്തുതാപരമായ കാര്യങ്ങളില്‍ അഹങ്കരിക്കുന്നതിനു മുന്‍പേ അയിത്തങ്ങളും അനാചാരങ്ങളും ഇപ്പൊഴും കൊണ്ടാടുന്ന സമൂഹമുണ്ടെന്ന് ഞാന്‍ ശ്രദ്ധയില്‍ പെടുത്തട്ടെ!. ഞാനടക്കം ഈ നിര്‍വികാരതയുടെ ഭാഗമായതില്‍ ഞാന്‍ ഖേദിക്കട്ടെ!

ആര്‍ത്തവ സമയങ്ങളില്‍ ആരെയും സ്പര്‍ശിക്കാതെ ഒതുങ്ങിയിരിക്കണമെന്നും, ആര്‍ത്തവ സ്ത്രീയുടെ സ്പര്‍ശനമേറ്റാല്‍ മുങ്ങിക്കുളിക്കണമെന്നും , അയിത്തമാവുകയും ,ബാധയാവുകയും ചെയ്യുന്നുവെന്നുമുള്ള നിലപാടുകളോട് എന്റെ നിര്‍വികാരത മാത്രം . ഇവ ചില സമൂഹങ്ങളില്‍ അല്ലെങ്കില്‍ സമുദായങ്ങളില്‍ ഇപ്പോഴും കൊണ്ടാടുന്നു എന്ന് പറഞ്ഞാല്‍ ഭൂരിഭാഗം പേര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം ആയിരിക്കും. എന്നാല്‍ വാസ്തവമതാണ്, ഒരു പക്ഷേ ആരും തുറന്ന് പറയാന്‍ ആഗ്രഹിക്കാത്ത നഗ്‌ന സത്യം. ആര്‍ത്തവ സമയം നാലു ചുവരുകളില്‍ മാത്രം ഒതുങ്ങി ജീവിച്ച പണ്ടുകാലത്തെ സ്ത്രീകള്‍ അതവരുടെ വിധിയാണ്, അവള്‍ അശുദ്ധിയാണ് എന്ന് സ്വയം വിശ്വസിച്ചതിന്റെ അനന്തരഫലമായി ഇത്തരം അനാചാരങ്ങള്‍ ഇപ്പൊഴും നിലനില്‍ക്കുന്നതിനെ കണക്കു കൂട്ടാം. ഇവ കൊണ്ടാടുന്ന 99% ആളുകളോടും ചോദിക്കുക, ” എന്തുകൊണ്ട്?’. അവരില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരേയൊരു ഉത്തരം ഇതാണ്. ‘ ആര്‍ത്തവം അശുദ്ധിയാണ്‍ ആര്‍ത്തവമുള്ളപ്പോള്‍ പെണ്ണ് അശുദ്ധമാണ്‍’.

ഞാന്‍ രക്തമൊഴുക്കുന്നു എന്നതിലെവിടെയും എനിക്ക് അശുദ്ധിയെ കാണാന്‍ കഴിയുന്നില്ല!. ലഹരിമരുന്നുകള്‍ പോലും അമൃതായി കൊണ്ടാടുന്ന നാട്ടില്‍ രക്തം അശുദ്ധമാണ് എന്ന് പറഞ്ഞു വരുന്നതിന്റെ ഉള്‍പൊരുള്‍ എന്താണ്? പകരം ഞങ്ങള്‍ രക്തമൊഴുക്കുന്നതുകൊണ്ടാണ് മര്‍ത്യാ നീ ഉണ്ടാവുന്നത്!. വരും തലമുറകള്‍ക്ക് ഞങ്ങള്‍ അനിവാര്യമാണ്. ഞങ്ങളുടെ രക്തവും. ആര്‍ത്തവ സ്ത്രീകള്‍ അശുദ്ധയാണെന്നു നിങ്ങള്‍ പറയുന്നുവെങ്കില്‍ നിങ്ങളുടെ വികൃത മനസിനെ ഞാന്‍ അശുദ്ധമായി കാണട്ടെ!

പെണ്ണ് വീടിന്റെ വിളക്കാണ്, ഐശ്വര്യമാണ് എന്ന് പറഞ്ഞു തന്ന കവികള്‍ ആരും തന്നെ ആര്‍ത്തവുള്ള പെണ്ണ് അശുദ്ധിയാണെന്ന് പറഞ്ഞു തന്നിട്ടില്ല!. കാലാകാലങ്ങളായി നിലനില്‍ക്കുന്ന മഹാഗ്രന്ഥങ്ങളില്‍ എവിടെയും തന്നെ ആര്‍ത്തവ സ്ത്രീ അശുദ്ധമാണ് എന്ന് പ്രതിപാദിച്ചിട്ടില്ല! .ഒരു വാക്ക് പോലും പ്രതികരിക്കാന്‍ കഴിയാതെ കണ്ണടച്ച് അനാചാരങ്ങള്‍ അടിമുടി പാലിക്കുന്ന യുവതികളോടും പെണ്‍കുട്ടികളോടും പറയട്ടെ! ഇത് ഞാനോ നിങ്ങളോ അടങ്ങുന്ന ചെറിയ കൂട്ടായ്മയെയും മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല!. വരും തലമുറകളെയും അതില്‍ വാര്‍ത്തെടുക്കുന്ന പെണ്‍കുട്ടികളെയും ബാധിക്കുന്ന പ്രശ്‌നം കൂടിയാണ് . ആര്‍ത്തവം അയിത്തമാണ് , അശുദ്ധമാണ് എന്ന് സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന സ്ത്രീകളോട് സഹതാപം മാത്രം. ഇത്തരം പൊള്ളയായ ആശയങ്ങളെ ഭയപ്പെട്ടു ജീവിക്കുന്ന സ്ത്രീകളേ…. നമുക്ക് പ്രതികരിക്കാം.

ഞാനിതിവിടെ പറയുമ്പോള്‍ ഒരു പക്ഷേ ഒരു പറ്റം ആള്‍ക്കാരുടെ കണ്ണില്‍ ഞാന്‍ നിരീശ്വരവാദി ആയിരിക്കാം, ഫെമിനിസ്റ്റ് ആയിരിക്കാം. ഞാനെന്തായാലും അതില്‍ നിങ്ങള്‍ ഭയപ്പെടേണ്ട !. മറിച്ച് ഞാന്‍ ഒരു മനുഷ്യനാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കട്ടെ! നിങ്ങളുടെ മനസില്‍ തികഞ്ഞ ശുദ്ധതയുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ സ്ത്രീയെ അശുദ്ധമെന്ന് പറയൂ !. നിങ്ങളുടെ മനസില്‍ കളങ്കമില്ലെങ്കില്‍ മാത്രം നിങ്ങള്‍ ദൈവീകത കളങ്കപ്പെട്ടു എന്ന് പറയൂ !. എന്നിരുന്നാലും ഇത്തരം അനാചാരങ്ങള്‍ ആഡ്യത്വം ആയി കാണുന്ന ഒരു പറ്റം ആള്‍ക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..! നിങ്ങളുടെ മനസില്‍ ഒരല്‍പമെങ്കിലും ശുദ്ധത ഉണ്ടാവാന്‍ ഞങ്ങളാല്‍ കളങ്കപ്പെട്ടു എന്ന് നിങ്ങള്‍ പറയുന്ന അതേ ദൈവത്തോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം.മനസിന്റെ ശുദ്ധതയും മനസിന്റെ നന്മയുമാണ് ഏറ്റവും അര്‍ത്ഥവത്തായ ദൈവീകത എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പോസ്റ്റിനെതിരെ പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്ന ശുദ്ധമായ മനസിന്റെ ഉടമകള്‍ക്ക് സുസ്വാഗതം!. So called untouchabiltiy still exist in certain communities.Let us get rid of these amoralities!!

You might also like
Leave A Reply

Your email address will not be published.