Times Kerala

ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിന്നും മൂന്ന് ഇന്ത്യൻ സ്ത്രീകൾ നാട്ടിലേയ്ക്ക് മടങ്ങി

 
ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിന്നും മൂന്ന് ഇന്ത്യൻ സ്ത്രീകൾ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, സൗദി അധികൃതരുടെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ മൂന്ന് ഇന്ത്യൻ വനിതകൾ, ദമ്മാം അഭയകേന്ദ്രത്തിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലയാളിയായ ബീന എലിസബത്ത്, തമിഴ്നാട്ടുകാരിയായ സഖിയ ബീഗം, ഉത്തരപ്രദേശുകാരിയായ ശ്വേതാഗുപ്ത എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സഖിയ ബീഗം ഒന്നരവർഷം മുൻപാണ് ദമ്മാമിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിയ്‌ക്കെത്തിയത്. എന്നാൽ ജോലിസ്ഥലത്ത് സാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ വിശ്രമിയ്ക്കാൻ അനുവദിയ്ക്കാതെ ജോലി ചെയ്യിച്ച വീട്ടുകാർ, പക്ഷെ ശമ്പളം കൃത്യമായി കൊടുത്തില്ല. വഴക്കും, മാനസികപീഢനങ്ങളും ഏറെ സഹിയ്ക്കേണ്ടി വന്നതായി സഖിയ പറയുന്നു. ശമ്പളം മൂന്നു മാസത്തിലേറെയായി കിട്ടാതെ വന്നപ്പോൾ, അവർ ആ വീടിൽ നിന്നും പുറത്തുചാടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമാം വനിതാഅഭയകേന്ദ്രത്തിൽ എത്തിച്ചു.

ശ്വേതാഗുപ്ത അഞ്ചു മാസങ്ങൾക്ക് മുൻപാണ് ഒരു ദമ്മാമിൽ സൗദിയുടെ വീട്ടിൽ ജോലിയ്‌ക്കെത്തിയത്. നാലുമാസത്തെ ശമ്പളം കൃത്യമായി കൊടുത്തെങ്കിലും, ശാരീരിക മർദ്ദനവും, മാനസികപീഢനങ്ങളും കാരണം ആ വീട്ടിലെ ജോലി നരകതുല്യമായിരുന്നു എന്നാണ് ശ്വേതാഗുപ്ത പറയുന്നത്. സഹികെട്ട അവർ ആരുമറിയാതെ പുറത്തിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. പോലീസുകാർ അവരെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

കോട്ടയം സ്വദേശിനിയായ ബീന എലിസബത്ത് ആറു മാസങ്ങൾക്ക് മുൻപാണ് ഹൌസ്മെയ്ഡ് ആയി പ്രവാസലോകത്ത് എത്തിയത്. ജോലി ചെയ്ത വീട്ടുകാർ ആദ്യ രണ്ടു മാസം മാത്രമേ ശമ്പളം കൊടുത്തുള്ളൂ. മൂന്നു മാസത്തോളം ശമ്പളകുടിശ്ശിക ആയതോടെ, അവർ ആ വീട്ടിൽ നിന്നും പുറത്തുകടന്ന്, സൗദി പോലീസുകാരുടെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തിൽ എത്തുകയായിരുന്നു.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് മൂന്നു പേരും നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിയ്ക്കുകയായിരുന്നു. മഞ്ജു മണിക്കുട്ടൻ ഈ കേസുകൾ ഏറ്റെടുക്കുകയും, മൂവരുടെയും സ്പോൺസർമാരെ വിളിച്ചു സംസാരിയ്ക്കുകയും ചെയ്തു. എന്നാൽ സ്‌പോൺസർമാർ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു ഇന്ത്യൻ എംബസ്സി വഴി മൂവർക്കും ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു.

റംസാൻ മാസമായതിനാൽ സൗദി സർക്കാർ തന്നെ ഇവർക്ക് വിമാനടിക്കറ്റ് നൽകി.. നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു മൂവരും നാട്ടിലേയ്ക്ക് മടങ്ങി.

Related Topics

Share this story