Times Kerala

ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ

 
ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ

ചെറുവത്തൂർ:  കടലിലെ മത്സ്യബന്ധനത്തിന് മൺസൂൺ കാലത്ത് ഏർപ്പെടുത്തുന്ന ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ ആരംഭിക്കും. ജുലായ് 31വരെ 52 ദിവസമാണു നിരോധനം. ജോലിയില്ലാത്ത ഈ ദിവസങ്ങളെക്കുറിച്ചുള്ള ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനത്തോടൊപ്പം കാലവർഷവും ആരംഭിക്കുന്നതോടെ ജില്ലയിലെ തീരദേശ മേഖല വറുതിയിലേക്കു വീഴും.

മത്സ്യലഭ്യതയുടെ കുറവു കാരണം ഈ വർഷം പൊതുവെ മത്സ്യത്തൊഴിലാളികൾക്ക് കാര്യമായ വരുമാനം ലഭിച്ചിട്ടില്ല.  ഇപ്പോൾ ട്രോളിങ് നിരോധനം കൂടി വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിയാകും. യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകളും എഞ്ചിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകൾക്കാണ് നിരോധനം ബാധകമാകുന്നത്.

ഞായറാഴ്ച അർധരാത്രി മുതലുള്ള ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീണ്ടു നിൽക്കും. ഇതോടെ ബോട്ടുകൾ എല്ലാം സുരക്ഷിതമായി കരയിലെത്തിക്കാനുള്ള തിരക്കിലാണ് മത്സ്യ തൊഴിലാളികൾ. ട്രോളിംഗ് നിരോധനത്തോടെ നിലയ്ക്കുന്ന ഈ ബോട്ടുകളുടെ എഞ്ചിനുകൾക്കൊപ്പം ഇനി മത്സ്യതൊഴിലാളികൾക്ക് വറുതിയുടെ നാളുകളാണ്.

Related Topics

Share this story