Times Kerala

ടിജുവിന്റെ വലയിൽ കുടുങ്ങിയത് 17 പെൺകുട്ടികൾ; തട്ടിയെടുത്തത് പത്തു കോടിയോളം; ഇരയായവരിൽ പത്താംക്ലാസ്സുകാരികൾ വരെ; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

 
ടിജുവിന്റെ വലയിൽ കുടുങ്ങിയത് 17 പെൺകുട്ടികൾ; തട്ടിയെടുത്തത് പത്തു കോടിയോളം; ഇരയായവരിൽ പത്താംക്ലാസ്സുകാരികൾ വരെ; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

പത്തനംതിട്ട: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പോലീസിന്റെ പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോർജ്ജ് തോമസാണ് ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്. വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെന്ന പേരില്‍ റിസോര്‍ട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തൃശൂര്‍ സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയായ ടിജു ജോര്‍ജ് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്. യുവതിയെ ശാരീരികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് കാറില്‍ വച്ചു പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും യുവതിയിൽ നിന്ന് 15 പവൻ സ്വർണം തട്ടിയെടുത്തെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളും പുറത്ത് വന്നു.ടിജു മലേഷ്യയിൽ തട്ടിപ്പിന് ഇരയാക്കിയത് 17 യുവതികളെയെന്നാണ് റിപ്പോർട്ട്. യുഎഇയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി റോഷ്നി എന്ന യുവതിയിൽനിന്ന് വൻ തുക തട്ടിയെടുത്തെന്നും വെളിപ്പെടുത്തൽ. ഈ കേസിൽ ചെങ്ങന്നൂർ കോടതിയിൽനിന്ന് തനിക്ക് അനുകൂല വിധിയുണ്ടായതിനെ തുടർന്ന് ടിജു ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണെന്നും റോഷ്നി പറഞ്ഞു. വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട 17 പെൺകുട്ടികളിൽ നിന്നായി പത്തു കോടിയോളം തട്ടിയെടുത്തെന്നായിരുന്നു മലേഷ്യയിലെ കേസ്. അവിടെ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ടിജുവിനെ കേരളത്തിലേക്കു നാടുകടത്തുകയായിരുന്നെന്നും റോഷ്നി പറയുന്നു.

നിലവിൽ അറസ്റ്റിന് ഇടയാക്കിയ പരാതി നൽകിയ തൃശ്ശൂർ സ്വദേശിനിയായ 26 കാരിയായ യുവതിയെ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ടിജു പരിചയപ്പെട്ടത്. എന്നാൽ യുവതി ആദ്യം ആലോചന തള്ളിക്കളഞ്ഞെങ്കിലും പ്രതി നിര്ബന്ധിച്ചതോടെ യുവതി വീട്ടുകാരുമായി ആലോചിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെട്ട ശേഷം പെണ്ണുകാണൽ ചടങ്ങിനായി സുഹൃത്തുക്കളുമൊത്തു കൊച്ചിയില്‍ താമസിക്കുന്ന ഫ്ലാറ്റില്‍ അമ്മയും മുത്തശ്ശിയുമുള്ളപ്പോള്‍ എത്തി. താന്‍ വിദേശത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്നും വിശ്വസിപ്പിക്കുവാനായി പൈലറ്റിന്റെ യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇയാൾ മുൻപ് വിവാഹം കഴിഞ്ഞതാണെന്നും ആദ്യ ഭാര്യ ന്യൂയോര്‍ക്കില്‍ വച്ച്‌ കാര്‍ അപകടത്തില്‍ മരിച്ചു പോയെന്നുമാണ് പെണ്‍കുട്ടിയോടും വീട്ടുകാരോടും പറഞ്ഞ് വിശ്വസിപ്പിച്ചത്.

ഒരുമാസം മാത്രമാണ് താൻ ഭാര്യയുമൊത്ത് ജീവിക്കാന്‍ കഴിഞ്ഞതെന്നും അവരുമായി ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ടിരുന്നില്ല എന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ യുവതിയും വീട്ടുകാരും വിവാഹത്തിനു സമ്മതിച്ചതായി പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാല്‍ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നുമാണ് യുവതിയുടെ വീട്ടുകാരോട് ടിജു പറഞ്ഞത്.

അതേസമയം, പൈലറ്റിന്റെ ട്രെയിനിങ്ങിനായി വിദേശത്തു പോയി മടങ്ങിയെത്തിയെന്നും ബര്‍ത്ത് ഡേ ആഘോഷത്തിനായി സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് യുവതിയെ റിസോര്‍ട്ടിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. റിസോർട്ടിൽ വച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയും അനുവാദമില്ലാതെ കയ്യേറ്റം ചെയ്തത് പരാതിപ്പെടുമെന്നു യുവതി പറഞ്ഞപ്പോള്‍ നമ്മള്‍ വിവാഹിതരാവാനുള്ളവരല്ലേ എന്നു പറഞ്ഞു ടിജു കരഞ്ഞുകൊണ്ട് ക്ഷമചോദിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. അതുകൂടാതെ മറ്റൊരു ദിവസം കാറില്‍ വച്ചു പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും എതിര്‍ത്തപ്പോള്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം നടത്തിയെന്നും പരാതിയിൽ പറയുന്നു.

ഇതിനിടെ ബാങ്കില്‍ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞ് യുവതിയുടെ പക്കല്‍ നിന്നും 25 പവന്‍ സ്വര്‍ണം വാങ്ങിയിരുന്നു. പിന്നീട് 10 പവന്‍ സ്വര്‍ണം മടക്കി നല്‍കുകയും ചെയ്തു. ടിജുവിന്റെ സ്വഭാവത്തെപറ്റി അടുത്ത കൂട്ടുകാരിയോട് യുവതി പറഞ്ഞു. തുടർന്ന്, കൂട്ടുകാരി ടിജുനെ പറ്റി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്ന് കണ്ടെത്തിയത്. അവരെ ഫെയ്സ് ബുക്ക് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവരുടെ സഹോദരനെ ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ടപ്പോഴാണ് ടിജു പൈലറ്റല്ലെന്നും ഇരിങ്ങാലക്കുടയില്‍ മൗണ്ട് വെന്‍ എന്ന പേരില്‍ ഒരു വസ്ത്ര ശാല നടത്തുകയാണ് എന്നും അറിഞ്ഞത്.അതുകൂടാതെ 2013 ഡിസംബര്‍ മൂന്നിന് ഇയാളെ ക്വാലാലംപൂരിലെ പെറ്റാലിങ് ജയിലിൽ വച്ച്‌ പൊലീസ് അറസ്റ്റു ചെയ്തിരുന്നതായും അറിഞ്ഞു.

മുപ്പതുകാരിയായ യുവതിയെ മലേഷ്യയില്‍ ബിസിനസ് ബാങ്കിങ് മാനേജരാണെന്നും റസ്റ്ററന്റ് ഉടമയാണെന്നും പരിചയപ്പെടുത്തി വിവാഹ വാഗ്ദാനം നൽകി ടിയാന്‍ എന്ന പേരില്‍ പരിചയപ്പെട്ടാണ് വഞ്ചിച്ചത്. അതുകൂടാതെ ക്വാലാലംപൂരില്‍ തന്നെ ഇരുപത്തിയൊൻപതുകാരിയായ മറ്റൊരു യുവതിയെയും ഇയാൾ പറ്റിക്കാൻ ശ്രമിച്ചെന്നും പൊലീസിനു പരാതി ലഭിച്ചിരുന്നു. ‘ഷാദി ഡോട്ട് കോം’ എന്ന വെബ്സൈറ്റ് വഴിയാണ് പെണ്‍കുട്ടികളെ പ്രതി പരിചയപ്പെട്ടതും വഞ്ചന നടത്തിയതും. ഇത്തരത്തില്‍ ടിജു പതിനേഴ് മലേഷ്യന്‍ പെണ്‍കുട്ടികളെയും അഞ്ച്‌ യുവാക്കളെയും കബളിപ്പിച്ചിട്ടുള്ളതായി പരാതി ലഭിച്ചിരുന്നു. അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെട്ട പെണ്‍കുട്ടി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. ഇതെല്ലം അറിഞ്ഞ യുവതി കബളിക്കപ്പെട്ടെന്ന് മനസിലാക്കി ടിജു തട്ടിപ്പുകാരനാണെന്ന് വീട്ടില്‍ അറിയിക്കുകയായിരുന്നു.

ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയും പരാതിയെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ പോകുകയുമായിരുന്നു. പനങ്ങാട് എസ്‌ഐ യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാൾ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ടിജു പിടിയിലാകുന്നത്.

Related Topics

Share this story