Times Kerala

വിവാഹ ദിവസം ആയിരം കുട്ടികളുടെ ചികിത്സാച്ചിലവ് ഏറ്റെടുത്ത് ഓസിലും ഭാര്യയും

 
വിവാഹ ദിവസം ആയിരം കുട്ടികളുടെ ചികിത്സാച്ചിലവ് ഏറ്റെടുത്ത് ഓസിലും ഭാര്യയും

തങ്ങളുടെ വിവാഹ ദിവസം 1000 കുട്ടികളുടെ ചികിത്സാച്ചിലവ് ഏറ്റെടുത്ത് ജർമൻ ഫുട്ബോളർ മെസ്യൂട്ട് ഓസിലും ഭാര്യ അമൈൻ ഗുൽസെയും. കുട്ടികളുടെ സർജറിക്കുള്ള ചെലവുകളാണ് ദമ്പതിമാർ വഹിക്കുക. ഇക്കാര്യം താരം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

തങ്ങൾ കുട്ടികളുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തതു പോലെ കഴിയുന്നവർ കഴിയുന്ന സംഭാവനകൾ നൽകാനും ഓസിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ബിഗ് ഷൂ എന്ന ചാരിറ്റി സംഘടന വഴി സഹായം നൽകാനാണ് ഓസിലിൻ്റെ അഭ്യർത്ഥന. മുൻപ് തന്നെ മാനുഷികതയുടെ പേരിൽ ഏറെ പ്രശസ്തനായ താരമാണ് ഓസിൽ. ഇപ്പോൾ ഈ പുതിയ തീരുമാനം അദ്ദേഹത്തിന് ഒട്ടേറേ കയ്യടികൾ നൽകുന്നുണ്ട്.

2006 ജർമനി ലോകകപ്പിലാണ് ബിഗ് ഷൂ ആരംഭിക്കുന്നത്. ടോഗോയിൽ നിന്നുള്ള ഒരു കുട്ടിയുടെ ചികിത്സയ്ക്ക് പണം വേണമെന്ന് ദേശീയ ടീമംഗങ്ങളിൽ നിന്നറിഞ്ഞ മറ്റു ടീമിലെ താരങ്ങൾ പണം സ്വരുക്കൂട്ടി കുട്ടിയെ സഹായിച്ചു. അതായിരുന്നു ആരംഭം. പിന്നീട് നടന്ന ലോകകപ്പുകളിലും യൂറോ കപ്പുകളിലും ബിഗ് ഷൂ ചേർന്നു പ്രവത്തിച്ചു.

2014 ലോകകപ്പിൽ 11 കുട്ടികളെ ഓസിൽ ഏറ്റെടുത്തതോടെയാണ് ബിഗ് ഷൂവിന് ആഗോള പ്രശസ്തി ലഭിക്കുന്നത്. പിന്നീട് പോൾ പോഗ്ബ, അൻ്റോണിയോ റൂഡിഗർ, ഫിലിപ്പ് ലാം തുടങ്ങിയവരും ബിഗ് ഷൂവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി.

അതേ സമയം, ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനു വേണ്ടി കളിക്കുന്ന ഓസിൽ ജർമ്മൻ ആരാധകരിൽ നിന്നുയർന്ന വംശീയ വെറിയുടെ പശ്ചാത്തലത്തിൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നു. തുർക്കിയിൽ ജനിച്ച അദ്ദേഹം റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയായിരുന്നു ഈ ഫോട്ടോ ഉയര്‍ത്തി വിവാദം ആളിക്കത്തിയത്. തുടർന്ന് പ്രഖ്യാപനവുമായി ഓസിൽ രംഗത്തു വരികയായിരുന്നു.

Related Topics

Share this story