Times Kerala

10000 രൂപയ്ക്ക് രണ്ടരവയസുകാരിയുടെ കണ്ണ് ചൂഴ്ന്നെടുത്ത സംഭവം; അന്വേഷണത്തിന് പ്രത്യേകസംഘം

 
10000 രൂപയ്ക്ക് രണ്ടരവയസുകാരിയുടെ കണ്ണ് ചൂഴ്ന്നെടുത്ത സംഭവം; അന്വേഷണത്തിന് പ്രത്യേകസംഘം

അലിഗഢ്:  ഉത്തര്‍പ്രദേശിലെ അലിഗ‍ഡില്‍ രണ്ടരവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. രണ്ടരവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ദേശീയസുരക്ഷ നിയമപ്രകാരം കേസെടുത്തു. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ നടത്തുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം,  സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ രംഗത്ത് വന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശില്‍പ്പ ഇക്കാര്യം ആവശ്യപ്പെട്ടു.

‘എന്റെ മകള്‍ക്കു നീതി ലഭിക്കണം. പ്രതികളെ തൂക്കിലേറ്റണം.’- അമ്മ പറഞ്ഞു.

‘എന്റെ മകളെ കാണാതായത് മെയ് 30-ന് എന്റെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ്. ഇവിടെയെല്ലാം ഞങ്ങള്‍ തിരഞ്ഞു. പക്ഷേ അവളെ കണ്ടെത്താനായില്ല. പിന്നെ മെയ് രണ്ടിനാണ് അവളെക്കുറിച്ചു ഞങ്ങളറിഞ്ഞത്.

തൂപ്പുകാരാണു ഞങ്ങള്‍ക്കു വിവരം നല്‍കിയത്. പിന്നീട് അത് അവള്‍ തന്നെയാണെന്നു ഞങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. ഞങ്ങള്‍ അവളുടെ മൃതദേഹം കാണുമ്പോള്‍ അതില്‍ ഒരു കൈയില്ലായിരുന്നു. അവളുടെ കണ്ണുകള്‍ ആസിഡൊഴിച്ച് കത്തിച്ചിരുന്നു. കാലുകള്‍ ഒടിഞ്ഞിരുന്നു. എന്തിനാണ് അവര്‍ അവളോടിതു ചെയ്തതെന്നു ഞങ്ങള്‍ക്കറിയില്ല. പ്രതിയുടെ കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യണം. ഞങ്ങള്‍ക്കു നീതി വേണം.’- അമ്മ പറഞ്ഞു.

പ്രതിയായ സാഹിദ് അയാളുടെ പിതാവിന്റെ ചികിത്സയ്ക്കായി പതിനായിരം രൂപ തങ്ങളുടെ കൈയില്‍ നിന്നു വാങ്ങിയിരുന്നെന്നും തിരികെ ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസ്സമതിച്ചെന്നും ശില്‍പ്പ പറഞ്ഞു. അദ്ദേഹം തന്റെ പിതാവിനെ വെല്ലുവിളിച്ചതായും അവര്‍ വെളിപ്പെടുത്തി. ക്രൂരമായ ശാരീരികപീഡനങ്ങളാണ് കുട്ടി നേരിട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൈകള്‍ തല്ലിച്ചതച്ച്, കണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു.

Related Topics

Share this story