Times Kerala

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: അഞ്ചുപേർ കസ്​റ്റഡിയിൽ, അന്വേഷണം മുൻ ഡ്രൈവറെ ചുറ്റിപ്പറ്റി

 
ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: അഞ്ചുപേർ കസ്​റ്റഡിയിൽ, അന്വേഷണം മുൻ ഡ്രൈവറെ ചുറ്റിപ്പറ്റി

തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്ന കേസിൽ അഞ്ചുപേർ പൊലീസ് കസ്​റ്റഡിയിലെന്ന് സൂചന. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്​ട്ര സ്വദേശി സമ്പത്തിനെയും (47) ഡ്രൈവർ അരുണിനെയും സഹായി ലക്ഷ്മണയെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്.വെള്ളിയാഴ്ച രാത്രി മംഗലപുരം ടെക്‌നോ സിറ്റിയുടെ പ്രധാന കവാടത്തിന് മുൻപിൽ വച്ചായിരുന്നു സംഭവം. കസ്​റ്റഡിയിലുള്ളവരിൽ സമ്പത്തിന്റെ മുൻ ഡ്രൈവർ ഗോപകുമാറിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. നാലുമാസം മുമ്പും തക്കലയിൽ സമാനമായ രീതിയിൽ സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു. ആ കേസിലെ പ്രതികളാണ് ഇപ്പോൾ പൊലീസ് കസ്​റ്റഡിയിലുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പൊലീസ് തയാറാക്കി വരുകയാണ്​. ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story