Times Kerala

രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നു; ഇന്നലെ മാത്രം നൽകിയത് 35 ലക്ഷം ഡോസ്

 
രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നു; ഇന്നലെ മാത്രം നൽകിയത് 35 ലക്ഷം ഡോസ്

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 ലക്ഷം ഡോസ് കൂടി നൽകിയതോടെയാണ് ഇന്ത്യ വാക്സിൻ വിതരണത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ടത്. ഇന്ന് രാവിലെ 7 മണിവരെ 15,17,963 സെഷനുകളിലായി 10,15,95,147 പേരാണ് വാക്സിൻ സ്വീകരിച്ചത്.ഇതിൽ 14,512,352‬ ആരോഗ്യ പ്രവർത്തകരും 14,712,824‬ മുൻനിര തൊഴിലാളികളും അറുപത് വയസിന് മുകളിലുള്ള 41,451,836‬ പേരും 45 വയസില്‍ കൂടുതലുള്ള 30,918,135‬ പേരും ഉൾപ്പെടുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതാദ്യമായാണ് കോവിഡ് പ്രതിദിന കേസുകൾ ഒന്നരലക്ഷം കടക്കുന്നത്. 839 മരണങ്ങളും ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Topics

Share this story