Times Kerala

യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്‍ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ

 
യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്‍ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ

കൊച്ചി: യുപിഐ ഇടപാടുകള്‍ വ്യാപകമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍ പിസിഐ) സംയുക്തമായി ബോധവത്കരണ പ്രചാരണ പരിപാടികള്‍ ആരംഭിക്കും.

എസ്ബിഐയുടെ ബാങ്കിംഗ്, ലൈഫ്സ്‌റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോയുടെ ഉപഭോക്താക്കളെ യുപിഐ പേമെന്റുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനം നല്‍കുവാനാണ് ഈ പ്രചാരണപരിപാടി ലക്ഷ്യമിടുന്നത്.

2017ല്‍ ആരംഭിച്ചതിനുശേഷം, യോനോയ്ക്ക് 34 ലക്ഷം യുപിഐ രജിസ്‌ട്രേഷനുകളും 62.5 ലക്ഷത്തിലധികം ഇടപാടുകള്‍ വഴി 2,520 കോടി രൂപയുടെ കൈമാറ്റവും ഉണ്ടായിട്ടുണ്ട്. നിലവില്‍ കഴിഞ്ഞ 30 ദിവസത്തെ പ്രതിദിന ശരാശരി ഇടപാട് 27,000 ആണ്.

കൂടുതല്‍ ഉപഭോക്താക്കളെ യോനോ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും യുപിഐയുടെ പ്രയോജനങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനും ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു. യുപിഐ ഐഡി അറിഞ്ഞിരുന്നാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ യോനോ ആപ്പില്‍നിന്ന് പണം നല്‍കുവാനോ സ്വീകരിക്കുവാനോ എളുപ്പത്തില്‍ സാധിക്കുമെന്ന് റായ് ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യോനോ പ്ലാറ്റ്‌ഫോംവഴി 53 ലക്ഷം ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം ഏതാണ്ട് 2086 കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഡിജിറ്റല്‍ പേമെന്റ് മാതൃകകളിലൊന്നായി യുപിഐ മാറിയിരിക്കുകയാണ്. യുപിഐ 207 ബാങ്കുകളുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഓരോമാസവും യുപിഐ മികച്ച വളര്‍ച്ച നേടുകയും ചെയ്യുന്നു. ഡിജിറ്റല്‍ പേമെന്റുകളുടെ സ്വീകാര്യത വര്‍ധിക്കുന്നതിനുള്ള തെളിവുകൂടിയാണ് ഈ പ്രതിമാസ വളര്‍ച്ച, എസ്ബിഐ ഡിഎംഡി (സ്ട്രാറ്റജി ആന്‍ഡ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍) രവീന്ദ്ര പാണ്ഡെ പറഞ്ഞു.

Related Topics

Share this story