Times Kerala

വിമാനക്കൂലി കൂട്ടിയ കേന്ദ്ര സർക്കാരിന്റെ പ്രവാസിദ്രോഹത്തിനെതിരെ പ്രതിഷേധിയ്ക്കുക: നവയുഗം

 
വിമാനക്കൂലി കൂട്ടിയ കേന്ദ്ര സർക്കാരിന്റെ പ്രവാസിദ്രോഹത്തിനെതിരെ പ്രതിഷേധിയ്ക്കുക: നവയുഗം

ദമ്മാം: ജനങ്ങളാകെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവത്തനങ്ങളുടെ വാർത്തകളിൽ മുഴുകിയിരിയ്ക്കുന്ന തക്കം നോക്കി, വിമാനയാത്രാക്കൂലി കുത്തനെ ഉയർത്തി പ്രവാസികളെ ദ്രോഹിയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെ പ്രവാസലോകം ഒന്നാകെ പ്രതിഷേധിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

ഏപ്രിൽ ഒന്നാം തീയതി മുതൽ വിമാനടിക്കറ്റ് വിലയിൽ ഉൾപ്പെടുന്ന ഏവിയേഷൻ സെക്യൂരിറ്റി ഫീസ് 382 രൂപയിൽ നിന്നും 880 രൂപയായിട്ടാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരിയ്ക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്രവ്യവസായ സുരക്ഷ സേന (സി.ഐ.എസ്) യുടെ ചിലവിനായാണ് ഏവിയേഷൻ സെക്യൂരിറ്റി ഫീസ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. മുൻപ് സിവിൽ വ്യോമയാന അതോറിറ്റിയാണ് സി ഐ എസ്‌സിന്റെ ചെലവുകൾ വഹിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരം അടക്കമുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ ഗൗതം അദാനിയുടെ കമ്പനിയ്ക്ക് കൈമാറിയതോടെ, ഈ ചെലവുകൾ വിമാനടിക്കറ്റിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ യാത്രക്കാരുടെ തലയിൽ കെട്ടിവച്ചിരിയ്ക്കുകയാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഏവിയേഷൻ സെക്യൂരിറ്റി ഫീസ് കേന്ദ്രസർക്കാർ വർദ്ധിപ്പിയ്ക്കുന്നത്. മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളാണ് കേന്ദ്രസർക്കാരിന്റെ ഈ കോവിഡ് കാല പ്രഹരം ഏറ്റവുമധികം അനുഭവിയ്ക്കേണ്ടി വരിക. അതിനാൽ ഈ പ്രവാസി ദ്രോഹ നടപടിയ്‌ക്കെതിരെ എല്ലാ പ്രവാസി സംഘടനകളും, പ്രവാസികളും ഒന്നടങ്കം പ്രതിധേഷിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്റ്റിങ് സെക്രട്ടറി സാജനും പറഞ്ഞു.

Related Topics

Share this story