Times Kerala

“ജീവൻ നിലനിർത്താനായി സ്വന്തം സുഹൃത്തുക്കളുടെ മാംസം ഭക്ഷിക്കേണ്ടിവന്നു”; ആൻഡീസ്‌ പ്ലെയിനപകടം അതിജീവിച്ചയാൾ ഓർമ്മകൾ പങ്കുവയ്ക്കുന്നു

 
“ജീവൻ നിലനിർത്താനായി സ്വന്തം സുഹൃത്തുക്കളുടെ മാംസം ഭക്ഷിക്കേണ്ടിവന്നു”; ആൻഡീസ്‌ പ്ലെയിനപകടം അതിജീവിച്ചയാൾ ഓർമ്മകൾ  പങ്കുവയ്ക്കുന്നു

1972 ൽ നടന്ന ആൻഡീസ്‌ വിമാനാപകടം അതിജീവിച്ച ഹോസ് ലൂയിസ് കോച്ചെ ഇൻ‌സിയാർട്ട് എന്നയാളാണ് കടുത്ത മനോവിഷമത്തോടെ ആ കാത്തിരിപ്പിന്റെ ഓർമ്മകൾ പങ്കുവച്ചത്. 45 യാത്രക്കാരുണ്ടായിരുന്ന ആ വിമാനത്തിൽ അപകടത്തിനുശേഷം അവശേഷിച്ചത് വെറും 16 പേർ മാത്രമാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി 72 ദിവസത്തോളം കാത്തിരിക്കേണ്ടി വന്ന അവർക്ക് ജീവൻ നിലനിർത്താനായി സ്വന്തം സുഹൃത്തുക്കളെ ഭക്ഷണമാക്കേണ്ടിവന്നു. ഉറുഗ്വേയിൽ നിന്നും ചിലിയിലേയ്ക്ക് യാത്ര പുറപ്പെട്ട ഉറുഗ്വേ വ്യോമസേന വിമാനം 571, ആൻഡീസ്‌ പർവ്വതനിരയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ, സാങ്കേതിക നിർദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് അത്ര പരിചയസമ്പന്നനല്ലാത്ത പൈലറ്റ് വിമാനമിറക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. കൂടെയുണ്ടായിരുന്നവരുടെ മൃതദേഹം മഞ്ഞ് മൂടിയതിനാൽ അഴുകിയിരുന്നില്ല. അവരെ ആഹാരമാക്കാമെന്നും വേണ്ടായെന്നുമുള്ള സംവാദങ്ങൾക്കൊടുവിൽ എല്ലാവരും സ്വന്തം ജീവൻ നിലനിർത്താനായി അവരെ ഭക്ഷിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ദിനങ്ങളായിരുന്നു അത്. മനസിനേയും കൈകളെയും വളരെ പ്രയാസപ്പെട്ടു നിയന്ത്രിച്ചാണ് മാംസമെടുത്തതും ഭക്ഷിച്ചതും. അതൊരഗ്നിപരീക്ഷ തന്നെയായിരുന്നു. എന്നാൽ ഇന്ന് ആ സംഭവസത്തിന്റെ മാനസിക സമ്മർദ്ദമൊന്നും തന്നെ ജീവിതത്തിൽ കൊണ്ട് നടക്കുന്നില്ലെന്നും, എന്തെങ്കിലും കഷ്ടതകൾ വരുമ്പോൾ മാത്രം അന്നത്തെ ആ കാത്തിരിപ്പിന്റെ ദിവസങ്ങളെക്കുറിച്ചോർക്കാറുണ്ടെന്നും ലൂയിസ് കോച്ചെ പങ്കുവച്ചു. കാരണം ആ സംഭവത്തിനു മുന്നിൽ തന്റെ ഏതൊരു പ്രശ്നവും നിസ്സാരമാണെന്ന് ബോധ്യപ്പെടുത്താൻ ആ ഓർമ്മകൾ സഹായകമാണെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു.

Related Topics

Share this story