Times Kerala

വോട്ടെടുപ്പ്; കയ്യില്‍ കരുതാം പേന, കുട്ടികളെ ഒഴിവാക്കാം

 
വോട്ടെടുപ്പ്; കയ്യില്‍ കരുതാം പേന, കുട്ടികളെ ഒഴിവാക്കാം

കാസര്‍ഗോഡ്: ചൊവ്വാഴ്ച വോട്ടു രേഖപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതു മുതല്‍ വോട്ട് ചെയ്ത് മടങ്ങി വീട്ടിലെത്തുന്നത് വരെ കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തി സ്വയം പ്രതിരോധം തീര്‍ക്കണം. ശ്രദ്ധിക്കാം താഴെ പറയുന്ന കാര്യങ്ങള്‍:

പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായി പോളിങ് അസിസ്റ്റന്റ് നല്‍കുന്ന സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ നന്നായി വൃത്തിയാക്കണം. വോട്ട് രേഖപ്പെടുത്തുന്നതിന് രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം.
വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക. പോളിങ് കേന്ദ്രങ്ങളില്‍ കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകാതിരിക്കുക. വോട്ട് ചെയ്യാനായി കാത്തു നില്‍ക്കുമ്പോളും പരിചയക്കാരോട് സംസാരിക്കുമ്പോളും രണ്ട് മീറ്റര്‍ അല്ലെങ്കില്‍ ആറ് അടി അകലം പാലിക്കണം.

പോളിങ് കേന്ദ്രത്തിനു സമീപം കൂട്ടം കൂടി നില്‍ക്കരുത്. ഒരാള്‍ക്കും ഷേക്ക്ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും, സന്ദര്‍ശനങ്ങളും ഒഴിവാക്കുക. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിന് പുറത്തേയ്ക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

വീട്ടിലെത്തി വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനുശേഷം മാത്രം വീട്ടുകാരുമായി ഇടപഴകാന്‍ പാടുള്ളു.കമ്മിറ്റി ഓഫീസുകളിലെ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും, കൈകള്‍ ഇടയ്ക്കിടെ സാനിറ്റെസ് ചെയ്യുകയും ചെയ്യണം.

Related Topics

Share this story