Times Kerala

ഭരണ തുടർച്ച ഉണ്ടാകും; യാക്കോബായക്കാർ നന്ദിയുള്ളവർ ആയിരിക്കണം, യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ ഫാദർ ജോർജ് വയലിപ്പറമ്പിൽ

 
ഭരണ തുടർച്ച ഉണ്ടാകും; യാക്കോബായക്കാർ നന്ദിയുള്ളവർ ആയിരിക്കണം, യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ ഫാദർ ജോർജ് വയലിപ്പറമ്പിൽ

എബി പൊയ്ക്കാട്ടിൽ

മെൽബൺ: യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ ഫാദർ ജോർജ് വയലിപ്പറമ്പിൽ മനസ്സ് തുറന്നത് എബി പൊയ്ക്കാട്ടിലുമായി നടത്തിയ ഇന്റർവ്യൂവിൽ .

ബഹുമാനപ്പെട്ട അച്ച അങ്ങ് ഈ ഇലക്ഷനെ എങ്ങനെ വില ഇരുത്തുന്നു.? ഭരണത്തുടർച്ച ഉണ്ടാകുമോ?

ഭരണത്തുടർച്ച ഉണ്ടാകും….

ഭരണത്തുടർച്ച ഉണ്ടാകുവാൻ അങ്ങ് ആഗ്രഹിക്കുന്നതിനുള്ള കാരണം എന്താണ്?

യാക്കോബായ സഭയ്ക്ക് അനുകൂലമായി സെമിട്രി ഓർഡിനൻസ് ഉണ്ടാക്കിയ എൽഡിഎഫ് ഗവൺമെൻറ് തീരുമാനം നന്ദിയോട് കൂടി മാത്രമേ യാക്കോബായ സഭാമക്കൾക്ക് ഓർക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഇലക്ഷനിൽ എൻറെ പിന്തുണ എൽഡിഎഫിന് ആയിരിക്കും.

കേരളം വലിയ ദുരന്തങ്ങൾ അഭിമുഖീകരിച്ച ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം ചങ്കുറപ്പോടെ കേരളത്തെ പ്രതിസന്ധികളിൽ പ്രകൃതിദുരന്തങ്ങളിൽ നിന്നും മഹാമാരിയിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ ആർജ്ജവമുള്ള ഒരു ഗവൺമെൻറ് നമുക്ക് ഉണ്ടായിരുന്നു എന്നുള്ളത്; അതിന് നേതൃത്വം കൊടുത്ത സഖാവ് പിണറായി വിജയൻ ഉണ്ടായിരുന്നു എന്നുള്ളത് നന്ദിയോടെ ഓർക്കേണ്ടതായ മറ്റൊരു കാര്യമാണ്….

യാക്കോബായ സഭ ആരെ പിന്തുണയ്ക്കും.?

അത് പറയുവാൻ ഞാൻ ഞാൻ ആളല്ല. ഞാൻ സഭയുടെ വക്താവും അല്ല.
ഒരു കാര്യം ഞാൻ പറയാം

സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്ന് ഉള്ളത് പരിശുദ്ധ സഭയുടെ കാതോലിക്കാബാവാ തിരുമനസ്സിന്റെ ഉറപ്പായ വാക്കുകളാണ്; അത് പാലിക്കുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.

യാക്കോബായ സഭയുടെ താൽപര്യങ്ങൾ പൊതുവായി എൽഡിഎഫ് പരിഗണിച്ചില്ല എന്നുള്ളത് ഒരു ആക്ഷേപം ഉണ്ടല്ലോ അതിനെ എങ്ങനെ വിലയിരുത്തുന്നു?

യാക്കോബായ സഭയുടെ വിശ്വാസം സംരക്ഷിക്കപ്പെടാൻ ക്രമീകരണം ഉണ്ടാകണം എന്നതിനപ്പുറം മറ്റൊരു താല്പര്യം സഭ എൽഡിഎഫ് മുമ്പിൽ വെച്ചിട്ടുള്ളതായി എനിക്കറിയില്ല.

എൻറെ താൽപര്യവും വിശ്വാസികളിൽ അനേകരുടെ താൽപര്യവും പറയാം…
യാക്കോബായ സഭയിലെ വിശ്വാസികൾക്കുള്ള അവകാശം സംരക്ഷിക്കാൻ ഒരു നിയമം ഉണ്ടാകണമെന്ന് ഉള്ളതായ വിശ്വാസികളുടെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിലും ശ്രീ സാജു പോൾ യാക്കോബായ സഭയുടെ നാവായി നിയമസഭയിൽ ഉണ്ടാകണമെന്നുള്ള യാക്കോബായ സഭയുടെ, വിശ്വാസികളുടെ ആഗ്രഹവും നിറവേറ്റപ്പെടാതെ പോയെങ്കിലും അതിനെല്ലാം പരിഹാരം വരുത്തുവാൻ സാധിക്കുന്ന ഏക വ്യക്തിയാണ് ശ്രീ പിണറായി വിജയൻ എന്നുള്ളത്കൊണ്ട് അദ്ദേഹത്തിൻറെ ഗവൺമെൻറ് ഭരണത്തിൽ വേണമെന്നുള്ളത് വ്യക്തിപരമായ എൻറെ ആഗ്രഹമാണ്…….. ശ്രീ ജയ്ക്കിനെയും എൽദോ എബ്രഹാമിനെയും എൽഡിഎഫ് കാൻഡിഡേറ്റ്സ് ആക്കിയിട്ടുണ്ട്. അവർ സഭയുടെ വിശ്വസ്തരായ മക്കളാണ്. ഇത് സഭ ആവശ്യപ്പെട്ടിട്ടില്ല…. അവർ ജയിക്കണം. തീർച്ചയായും സഭയ്ക്കുവേണ്ടി ശബ്ദിക്കാൻ അവർക്ക് സാധിക്കും….

യുഡിഎഫിൽ നാല് കാൻഡിഡേറ്റ്സ് യാക്കോബായക്കാർ ഉണ്ടല്ലോ. എൽഡിഎഫിൽ രണ്ടല്ലേ ഉള്ളൂ?

എണ്ണത്തിൽ അല്ലല്ലോ കാര്യം.
യുഡിഎഫ് കാൻഡിഡേറ്റ്സ് എല്ലാം എൻറെ നല്ല സുഹൃത്തുക്കളും, അതിൽ പലരും എന്നോടൊപ്പം യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിട്ട് ഉള്ളവരുമാണ്. എൻറെ ബന്ധുക്കളും ആ കൂട്ടത്തിൽ ഉണ്ട്. അവരെയും ജയിപ്പിക്കണം എന്ന് പറയാൻ ഞാൻ ബാധ്യസ്ഥനാണ്. പക്ഷേ വലുത് സഭയാണ്….

അച്ചൻ ഇലക്ഷന് നിൽക്കുന്നതായി ഒരു പോസ്റ്റ് എല്ലാം കണ്ടല്ലോ. പിന്നെ എന്തു പറ്റി?

അത്… സഭയിലെ പല ശ്രേഷ്ഠരായ വ്യക്തി കളോടൊപ്പം എൻറെ ഫോട്ടോയും വെച്ച് ഒരു പോസ്റ്റർ കണ്ടിരുന്നു. അങ്ങനെ ഒരു പാർട്ടിയോ അതിൻറെ ഉറവിടമോ എനിക്കറിയില്ല. അങ്ങനെ ഒരു താല്പര്യവും ഞാൻ പ്രകടിപ്പിച്ചിട്ടില്ല. ഞാൻ ശുശ്രൂഷിക്കാൻ വിളിക്കപ്പെട്ടവൻ ആണല്ലോ?

ആ പോസ്റ്റർ പ്രചരിപ്പിച്ചതിനെതിരെ പരാതി സമർപ്പിച്ചിട്ടുണ്ട്. സഭാ വിരുദ്ധരായ മെത്രാൻ കക്ഷികളുടെ സൃഷ്ടി മാത്രമാണ് അത്.

വിവിധ സഭാംഗങ്ങളായ ആയ എൻറെ ചില സുഹൃത്തുക്കൾ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചത് അനുസരിച്ച് ബി സി ഡി പി എന്ന ഒരു പാർട്ടി രൂപീകരിച്ചു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് മുൻപോട്ട് അതിൻറെ നിയമപരമായ രജിസ്ട്രേഷനും മുന്നണികളും ആയിട്ടുള്ള ചർച്ചകളും നടത്തുവാൻ ആലോചനയിൽ ഇരിക്കുന്ന വിഷയമാണ്. ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് യാക്കോബായക്കാർക്ക് ലഭിക്കേണ്ട അവകാശം സംരക്ഷിക്കുവാൻ ഏതു മാർഗവും സ്വീകരിക്കാൻ നമ്മൾ ചിലപ്പോൾ നിർബന്ധിതരാകും.

ബിജെപിയെ ഇലക്ഷനിൽ സപ്പോർട്ട് ചെയ്യുമോ?

ചിലയിടങ്ങളിലും ചില വ്യക്തികളെയും സപ്പോർട്ട് ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ്….

യാക്കോബായക്കാരോട് ഈ ഇലക്ഷൻ വേളയിൽ അച്ചൻ എന്ത് പറയും?

എനിക്ക് സുവിശേഷം പറയാൻ അല്ലേ അറിയുള്ളൂ. എനിക്ക് പൊതുജനത്തോട് പറയാൻ ആണുള്ളത്. നിങ്ങൾ നന്ദി ഉള്ളവർ ആയിരിക്കണം.

Related Topics

Share this story