Times Kerala

ഫ്‌ളാറ്റിലെ രക്തം ആരുടേത്? വൈഗയുടെ മാതാവിന് ഡിഎന്‍എ ടെസ്റ്റ്; നിർണായക വിവരങ്ങൾ തേടി അന്വേഷണസംഘം ചെന്നൈയിൽ

 
ഫ്‌ളാറ്റിലെ രക്തം ആരുടേത്? വൈഗയുടെ മാതാവിന് ഡിഎന്‍എ ടെസ്റ്റ്; നിർണായക വിവരങ്ങൾ തേടി അന്വേഷണസംഘം ചെന്നൈയിൽ

കൊച്ചി: കാക്കനാട്, കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തം മുട്ടാര്‍പ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടേത് അല്ലെന്ന് സ്ഥിരീകരിച്ചു.ഇതോടെ, രക്തം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഫ്ലാറ്റിൽ കണ്ടെത്തിയ രക്തവും വൈഗയുടെ മാതാവിന്റെ രക്തവും ഉപയോഗിച്ചാവും ഡി.എന്‍.എ. പരിശോധന നടത്തുക.പുഴയില്‍നിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങള്‍ കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പരിശോധന ഉടന്‍ തുടങ്ങമെന്നും അടുത്തയാഴ്ചയോടെ വിശദമായ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് 21-നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ നിന്ന് കണ്ടെത്തി. അന്നുമുതല്‍ അന്വേഷണം നടത്തിയെങ്കിലും സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതായി കണ്ടെത്തിയതല്ലാതെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.അതേസമയം, സനു മോഹനെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തൃക്കാക്കര പോലീസ് നോട്ടീസ് പുറത്തുവിട്ടത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ, ആളുകള്‍ കൂടാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കും.

ഇതിനിടെ, സനു മോഹന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി 12 ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകള്‍ ലഭിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.കൂടാതെ, ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കിയതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.ഫ്‌ളാറ്റിനുള്ളില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം,കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സനു മോഹന്റെ സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് സംഘം ചെന്നൈയില്‍ തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളുടെ നാട്ടിലുള്ള ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്.

Related Topics

Share this story