Times Kerala

‘ഇസിജി നോര്‍മല്‍ ആയത് കൊണ്ട് ഹൃദയം നോര്‍മലാണെന്ന് ഉറപ്പിക്കാന്‍ പറ്റില്ല; പലരും കുഴഞ്ഞുവീണ് മരിക്കുന്നു, ശ്രദ്ധിച്ചാൽ അറ്റാക്ക് വന്നവര്‍ക്കും ഒരു പരിധി വരെ സാധാരണ ജീവിതം നയിക്കാന്‍ പറ്റും’; കുറിപ്പ് 

 
‘ഇസിജി നോര്‍മല്‍ ആയത് കൊണ്ട് ഹൃദയം നോര്‍മലാണെന്ന് ഉറപ്പിക്കാന്‍ പറ്റില്ല; പലരും കുഴഞ്ഞുവീണ് മരിക്കുന്നു, ശ്രദ്ധിച്ചാൽ അറ്റാക്ക് വന്നവര്‍ക്കും ഒരു പരിധി വരെ സാധാരണ ജീവിതം നയിക്കാന്‍ പറ്റും’; കുറിപ്പ് 

ഹൃദയാഘാതത്തിന് പ്രായപരിധിയിള്ളതായിരിക്കുകയാണ്. ചെറുപ്പക്കാരില്‍ വരെ ഇത് സംഭവിക്കാറുണ്ട്. ഹൃദയത്തിന്റെ കാര്യത്തിലും ഹൃദയത്തിന്റെ ആരോഗ്യത്തിലും ശ്രദ്ധവേണം. ഇത്തരത്തില്‍ ഹൃദയവുമായി ബന്ധപ്പെട്ട് ഗംഗ എസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

കൊവിഡ് കാലത്ത് പലരും കുഴഞ്ഞു വീണു മരിയ്ക്കുന്നു എന്ന് വായിക്കുന്നു, കേള്‍ക്കുന്നു.

അവരില്‍ ചിലര്‍ക്ക് എങ്കിലും തിരിച്ചറിയപ്പെടാത്ത, കൊവിടിതര ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായിരിയ്ക്കാം.

ആശുപത്രിയിലും ലാബിലും പോകലും പരിശോധനകളും പലരും കൊറോണയേ പേടിച്ച് മാറ്റി വച്ചിരുന്നു. അതോടൊപ്പം മരുന്ന് കൃത്യമായി കഴിയ്ക്കലും,ഭക്ഷണം നിയന്ത്രണം, വ്യായാമം എല്ലാം ക്രമം തെറ്റിയിരിക്കുന്നു.

ജിമ്മിലെ പരിശീലകന്‍ കുഴഞ്ഞു വീണ് മരിച്ചു എന്നൊരു വാര്‍ത്ത കുറച്ചു ദിവസം മുന്‍പ് കണ്ടു.

ഇപ്പോള്‍ കണ്ട ഒരു വീഡിയോ 30 കളില്‍ ഉള്ള ഒരാള്‍ വിവാഹ വിഡിയോ എടുത്ത് കൊണ്ട് നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീണ് മരിയ്ക്കുന്നതാണ്.

ഇപ്പോള്‍ അറ്റാക്കിന് പ്രായ പരിധി ഇല്ല. 30 കളില്‍ ഉള്ള ചെറുപ്പക്കാരില്‍ വരെ ഉണ്ടാകുന്നുണ്ട്.

എല്ലാം കൂടി നോക്കുമ്പോള്‍ , ഹൃദയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്ന് തന്നെയാണ് പറയാനുള്ളത്.

Cardiology യും cardiothoracic surgery യും ചേര്‍ന്ന സൂപ്പര്‍ സ്‌പെഷ്യലിറ്റി വിഭാഗത്തിലെ അതി ബൃഹത്തായ ഒരു വിഷയം ആണ് ഹാര്‍ട്ട് അറ്റാക്ക് എങ്കിലും, സാധാരണക്കാര്‍ക്ക് അറിയേണ്ട ചില അടിസ്ഥാന വിവരങ്ങള്‍ മാത്രം ,എനിയ്ക്ക് അറിയുന്നത്, ചിലത് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.

87 88 കാലം.

ഞാന്‍ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ R M O ആയി ജോലി ചെയ്തിരുന്ന സമയം. പ്രാക്ടീസ് തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല.
ആശുപത്രിയില്‍ തന്നെ താമസം.

ഒരിയ്ക്കല്‍ സന്ധ്യയ്ക്ക് ഒരു രോഗി 45 50 വയസ്സ് തോന്നും, കാഷ്വാലിറ്റിയിലേക്ക് നടന്നു വന്നു.

അയാള്‍ക്ക് ആകെ ക്ഷീണം ഉണ്ട്. വയറെരിച്ചില്‍ പോലെ തോന്നുന്നു. ഗ്യാസ് ആവും എന്ന് ആള്‍ തന്നെ പറഞ്ഞു. മുതുകില്‍ എന്തോ ഭാരം വച്ചിരിയ്ക്കും പോലെ തോന്നുന്നു. എല്ലാം കൂടി ആകപ്പാടെ ഒരു അസ്വസ്ഥത. രോഗി കുറച്ചു ദൂരം നടന്നാണ് വന്നത്. നേരിയതായി കിതയ്ക്കുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ എന്താണ് പ്രശ്‌നമെന്ന് ആള്‍ക്ക് പറയാന്‍ കിട്ടുന്നില്ല.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ട്. അതിന് മരുന്ന് മുടങ്ങാതെ കഴിക്കുന്നു. ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. ഭക്ഷണം സാധാരണ പോലെ കഴിച്ചു. തലേന്ന് ഷുഗര്‍ നോക്കി നോര്‍മല്‍.

നോക്കുമ്പോള്‍ ബിപി നേരിയതായി കൂടിയിട്ടുണ്ട്. Heart rate കൂടിയിട്ടുണ്ട്. അത് ടെന്‍ഷന്‍ കൊണ്ടും ആവാം.
അതല്ലാതെ, അയാള്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. അതാണ് ശ്രദ്ധിച്ചത്. ഒരു പരിഭ്രമം മുഖത്തുണ്ട്. തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് അയാളെ അലട്ടുന്നുണ്ട്.

നെഞ്ചു വേദന ഇല്ലെങ്കിലും ഉടനെ
ഇസിജി എടുത്തു.

ഇസിജിയില്‍ ഞാന്‍ അത്ര വിദഗ്ദ്ധ ആയിരുന്നില്ലെങ്കിലും, മുന്‍പ് അയാള്‍ക്ക് അറ്റാക്ക് വന്നിട്ടുണ്ട് എന്ന് മനസിലായി. (അത് അയാള്‍ക്ക് അറിയില്ല. .) സൈലന്റ് അറ്റാക്ക് ആവാം.

അതൊഴിച്ചാല്‍ ഇസിജി ഏറെക്കുറെ നോര്‍മല്‍ ആയിരുന്നു. എങ്കിലും അതില്‍ ചില സംശയങ്ങള്‍ ഉണ്ടായി.

വേദന ഇല്ലാഞ്ഞത്, ഇല്ലാത്തത് അയാള്‍ പ്രമേഹ രോഗി ആയത് കൊണ്ട് ആവും.

ഞങ്ങളുടെ ആശുപത്രിയില്‍ അന്നേരത്ത് കാര്‍ഡിയോളജിസ്റ്റ് പോയിട്ട് ഫിസിഷ്യന്‍ പോലുമില്ല. ആകെ ഉള്ള ഫിസിഷ്യന്‍ ദൂരെ ആണ്. സംശയം തീര്‍ക്കാന്‍ ഇന്നത്തെ പോലെ വാട്‌സ്ആപ്പോ മെസ്സഞ്ചര്‍ സൗകര്യമോ ഇല്ല. മൊബൈല്‍ ഫോണില്ല.

ഫിസിഷ്യനെ അല്ലെങ്കില്‍ കാര്‍ഡിയോളജിസ്റ്റിനെ കാണാന്‍ വടകരയോ കോഴിക്കോടോ പോകണം.

രോഗിയുടെ കൂടെ വന്നായാളിനോട് എത്രയും പെട്ടെന്ന് വടകര ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ആംബുലന്‍സില്‍ 20 മിനിട്ട് കൊണ്ട് അവിടെ എത്തും. ഒട്ടും സമയം വൈകരുത്.

അപ്പോഴത്തെ അവസ്ഥയില്‍ അയാള്‍ക്ക് തല്ക്കാലം ഉള്ള മരുന്നല്ല ആവശ്യം, നെഞ്ചുവേദന ഇല്ല. എന്നിട്ടും sorbtirate 5mg നാവിനടിയില്‍ വയ്ക്കാന്‍ കൊടുത്തു. (അതയാള്‍ വച്ചോ എന്നറിയില്ല )

ഹാര്‍ട്ട് അറ്റാക്ക് ആണെങ്കില്‍ അതിന്റെ വ്യാപ്തി എത്ര എന്ന് കണ്ടുപിടിക്കുക ആണ് ഏറ്റവും അത്യാവശ്യം. അതോടൊപ്പം അതിന്റെ ചികിത്സയും തുടങ്ങുക..

എന്ത് കൊണ്ടോ അയാള്‍ക്ക് ഉടനെ ഏത് നിമിഷം വേണമെങ്കിലും കടുത്ത ഒരു അറ്റാക്ക് (massive myocardial infarction ) ഉണ്ടാവാം എന്ന് ഒരു നെഗറ്റീവ് തോന്നല്‍.

എന്ത് കൊണ്ടെന്നറിയില്ല അങ്ങനെ തോന്നിയത്. കൊടുങ്കാറ്റിന് മുന്‍പുള്ള ഒരു ശാന്തത. മരണമടുത്ത ആള്‍ക്കാരില്‍ കാണപ്പെടുന്ന ഒരു പ്രത്യേക ഭാവം അയാളില്‍ ഉള്ളത് പോലെ തോന്നി. അത് വെറും തോന്നല്‍ ആവാം. ആധികാരികത ഇല്ലാത്തത് കൊണ്ട് അതിനെ കുറിച്ച് പറയാന്‍ പറ്റില്ല. അത് വെറും തോന്നല്‍ മാത്രം എന്ന കാറ്റഗറിയിലേ പെടുത്താന്‍ പറ്റൂ.

ചില മുഖഭാവങ്ങള്‍, ശരീര ഭാഷ, മുതലായ കണ്ടാല്‍ ആള്‍ അധികം വൈകാതെ കുഴഞ്ഞു വീഴും ( collapse ) എന്ന് തോന്നും. അത് പലപ്പോഴും ശരിയായിട്ടുണ്ട് താനും.

(മെഡിക്കല്‍ വിഭാഗം മുഴുവനും ശാസ്ത്രീയമായ തെളിവുകളെ ആശ്രയിച്ചു മാത്രമാണ്. എങ്ങനെ തെളിയിക്കാം എന്ന് ചോദിച്ചാല്‍, തെളിവ്, പുസ്തകത്തില്‍ നിന്നോ പഠിപ്പിച്ച അധ്യാപകരില്‍ നിന്നോ അവരുടെ അനുഭവങ്ങളില്‍ നിന്നോ ഉദ്ധരിയ്ക്കാന്‍ കഴിയണം.

എന്റെ തോന്നലിനു യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്തത് കൊണ്ട് വിശ്വസിക്കാനും വയ്യ.)

ഞങ്ങളുടെ ആശുപത്രിയുടെ അടുത്ത് തന്നെ മറ്റൊരു ആശുപത്രി ഉണ്ട്. അയാളും കൂടെ വന്നവരും വടകരയ്ക്ക് പോകാതെ അങ്ങോട്ട് പോയി. അവിടുത്തെ ഡോക്ടര്‍ ജനറല്‍ പ്രാക്ടീഷണര്‍, എന്നേക്കാള്‍ വളരെ സീനിയര്‍ ആയ, വര്‍ഷങ്ങളായി പ്രാക്റ്റീസ് ചെയ്യുന്ന പ്രായം ഉള്ള ആളായിരുന്നു.

ഞങ്ങളുടെ ആശുപത്രി മാനേജര്‍ അവരുടെ പിന്നാലെ പോയി കാര്യങ്ങള്‍ അന്വേഷിച്ചിട്ട് വന്നു. ആ ഡോക്ടര്‍ നമ്മുടെ രോഗിക്ക് ഇന്‍ജെക്ഷന്‍ കൊടുത്തു. ഒബ്‌സെര്‍വഷനില്‍ കിടത്തിയിരിക്കുന്നു. വലിയ കുഴപ്പമില്ല. ഡ്രിപ് ഇട്ടിട്ടുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്ക് പൊതുവെ ഒരിന്‍ജെക്ഷനും ഡ്രിപ്പും (ഐ വി ഫ്‌ലൂയിഡ് ) കിട്ടിയാല്‍ സമാധാനമായി, തൃപ്തിയായി.

(ആശുപത്രികള്‍ തമ്മില്‍ ചെറിയ തോതില്‍ മത്സരം ഉണ്ട്).

നമ്മുടെ മാനേജരുടെ മുഖത്തു അതൃപ്തി.

നമുക്ക് ഇവിടെ ഒബ്‌സെര്‍വേഷനില്‍ വയ്ക്കാമായിരുന്നു. ഡോക്ടര്‍ (ഞാന്‍ ) പേടിച്ചിട്ടാണ് . എന്തേലും ബുദ്ധിമുട്ട് കാണുന്നെങ്കില്‍ അന്നേരം രോഗിയെ വിട്ടാല്‍ മതിയായിരുന്നു എന്ന് മാനേജര്‍ പറഞ്ഞു.

ശരിയാവാം. ചിലപ്പോള്‍ എനിക്ക് തെറ്റ് പറ്റിയത് ആവാം. എന്നാലും..

പിറ്റേന്ന് രാവിലെ ഡ്യൂട്ടിയ്ക്ക് ചെന്നപ്പോള്‍ മാനേജര്‍ക്ക് നല്ല സന്തോഷം. തലേന്നത്തെ മുഖം കറുപ്പിക്കല്‍ മാറി.

ആ രോഗി മരിച്ചു പോയത്രേ. അത് കൊണ്ടല്ല ആള്‍ക്ക് സന്തോഷം. ഇവിടെ വച്ചു മരിച്ചെങ്കില്‍ അത് ആശുപത്രിയ്ക്ക് പേരുദോഷം ആയേനേ. ജൂനിയര്‍ ഡോക്ടര്‍ ആയ ഞാന്‍ രോഗനിര്‍ണ്ണയം ചെയ്തില്ല എന്നും അനാസ്ഥ കാട്ടി എന്നും ഒക്കെ പരാതി വന്നേനേ.

എപ്പോള്‍ ആണ് മരിച്ചത്? ഞാന്‍ നിരാശയോടെ ചോദിച്ചു .

അഡ്മിറ്റ് ആയി ഒന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞ്.

കഷ്ടം.
അയാള്‍ക്ക് വടകര എത്താന്‍ സമയം ഉണ്ടായിരുന്നു.അല്ലെങ്കില്‍ കോഴിക്കോട്. എത്തിയിരുന്നെങ്കിലോ വേണ്ട വിദഗ്ദ്ധ ചികിത്സ കിട്ടിയേനെ. അയാള്‍ക്ക് വിദഗ്ദ്ധ ചികിത്സ കിട്ടിയിരുന്നെങ്കില്‍ ?..ഒരു പക്ഷെ മരിയ്‌ക്കേണ്ടി വരില്ലായിരുന്നു.

അന്ന് ഹാര്‍ട്ട് അറ്റാക്കിന് ഇത്രയും വിപുലമായ ചികിത്സയും ടെസ്റ്റുകളും ഒന്നുമില്ല.

crp ( c reactive protein ) ടെസ്റ്റ് , Angiogram, tmt, echo ഒന്നും ഇത്രയും വ്യാപകമായി ഇല്ല. എക്കോ ആണ് പിന്നെയും ഉള്ളത്.

ഇന്നുള്ളത്രയും മെഡിസിനുകളും അന്ന് വ്യാപകമായി ഇല്ല. രക്തം കട്ട പിടിയ്ക്കാതിരിയ്ക്കാനുള്ള Clopilet, ഹൃദരോഗത്തിന് കൂടിയുള്ള atenolol,(metaprolol ഉം propranolol ആണ് അന്ന് ഉപയോഗിച്ചിരുന്നത് ) ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള statins (atorvastatin rosvastatin ), തുടങ്ങി മരുന്നുകള്‍ അന്ന് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.

Angioplatsy, ബൈപാസ് ഇല്ല.

എന്നാലും,

അന്നും Sorbtirate, glyceryl േൃശ ntirate ( GTN) ഉണ്ട്. നെഞ്ച് വേദന ഉണ്ടാവുമെങ്കില്‍ നാവിനടിയില്‍ വയ്ക്കാം. അത് രോഗികള്‍ക്ക് സ്വയം അറിയാം. അവരത് സ്റ്റോക്ക് ചെയ്ത് വയ്ക്കും.

ബിപി കൂടുതല്‍ ഉണ്ടെങ്കില്‍ Nifedipin നാവിനടിയില്‍ വയ്ക്കാം.
ആശുപത്രിയില്‍ ആണെങ്കില്‍ നെഞ്ചുവേദനയ്ക്ക് fortwin+ phenergan ഇന്‍ജെക്ഷന്‍ കൊടുക്കാം.

ടെന്‍ഷനും ഉത്ഖണ്ഠയും ഉറക്കക്കുറവും ഉണ്ടെങ്കില്‍ sedation കൊടുക്കാം .

ഇത്രയും ഒക്കെ ചെയ്യാം.

അതിനപ്പുറം,

Cardiac icu വില്‍ നിരീക്ഷിയ്ക്കാം. അന്ന് കാര്‍ഡിയാക് icu സാധാരണ ആശുപത്രികളില്‍ ഇല്ല. വെറും icu ആണുള്ളത്.

ഹൃദയ മിടിപ്പ് അസാധാരണമാം വിധം കൂടുതല്‍ ആവുന്നെങ്കില്‍ ( fibrillation, flutter ) അല്ലെങ്കില്‍ കാര്‍ഡിയാക് അറസ്റ്റ്‌ലേയ്ക്ക് പോകുകയാണെങ്കില്‍ defibrilletar ഉപയോഗിക്കാം.

ഇതിന് എല്ലാം സൗകര്യം അക്കാലത്ത് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വലിയ സൂപ്പര്‍ സ്‌പെഷ്യയാലിറ്റി ആശുപത്രികളിലെ ഉള്ളൂ.

.പറഞ്ഞു വന്നത് ഹാര്‍ട്ട് അറ്റാക്കിന് നിര്‍ണ്ണായക ലക്ഷണങ്ങള്‍ ഉണ്ടാവണം എന്നില്ല. നെഞ്ചു വേദന (angina ) കാണില്ല പ്രത്യേകിച്ച് പ്രമേഹം ഉള്ളവര്‍ക്ക്.

ഇസിജി നോര്‍മല്‍ ആയത് കൊണ്ട് ഹൃദയം നോര്‍മല്‍ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. എക്കോ, tmt angiogram തുടങ്ങി ടെസ്റ്റുകള്‍ നടത്തിയാലേ കൃത്യമായി അറിയാന്‍ സാധിക്കൂ. .

എന്നാലും രോഗിയെ ഒബ്‌സെര്‍വഷനില്‍ . വയ്ക്കണം. ഹാര്‍ട്ട് അറ്റാക്ക് സംശയിച്ചു കഴിഞ്ഞാല്‍ തീരെ ആയാസം പാടില്ല. നടക്കാന്‍ പാടില്ല. ഡ്രൈവ് ചെയ്യരുത്. പൂര്‍ണ്ണ വിശ്രമം ആണ് വേണ്ടത്. ഹൃദയത്തിനും.

നെഞ്ചു വേദന ഉണ്ടായാലും ചിലര്‍ ഗ്യാസ് ആണെന്ന് ധരിച്ചു ഇരിയ്ക്കും.

വയറിന്റെ മുകള്‍ ഭാഗത്തു വേദന അല്ലെങ്കില്‍ എരിച്ചില്‍ ചിലപ്പോള്‍ ഹൃദയത്തിന്റെ inferior wall (താഴെ ഭാഗത്തെ ഹൃദയ ഭിത്തി ) ആയിരിക്കും രക്തയോട്ടം കുറഞ്ഞു പ്രശ്‌നത്തില്‍ ആവുക.

പലരും അത് ഗ്യാസ്, അസിഡിറ്റി (APD acid peptic disease ) അല്ലെങ്കില്‍ pancreatitis ( പാന്‍ക്രിയാസ് ഗ്രന്ഥിയുടെ വീക്കം ) ആണെന്ന് കരുതി സ്വയം ചികില്‍സിക്കും.

മുതുകിലെ വേദന ഹൃദയത്തിന്റെ posterior wall ( പിന്‍ ഭാഗത്തെ ഭിത്തി ) ആവും തകരാറില്‍ ആയത്. പേശി പിടുത്തം ആണെന്ന് കരുതും ചിലര്‍. വല്ല ബാമോ തൈലമോ പുരട്ടും.

അതായത് സാധാരണ കാണപ്പെടുന്ന നെഞ്ചിന്റെ ഇടത് വശത്ത് തന്നെ എല്ലായ്‌പോഴും വേദന ഉണ്ടാവണം എന്നില്ല.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൂടിയ അളവില്‍ ചീത്ത കൊളസ്‌ട്രോള്‍ ( hyper choletsreamia ), പ്രമേഹം, ഉണ്ടെങ്കില്‍ അതെല്ലാം നിയന്ത്രണത്തില്‍ വരണം. ശരീര ഭാരം കൂടാന്‍ പാടില്ല.

അറ്റാക്ക് വന്നവര്‍ക്ക് മരുന്നുകള്‍ സ്ഥിരം കഴിക്കണം. മുടക്കം പാടില്ല.

കൊളസ്‌ട്രോള്‍ കുറഞ്ഞു. അത് കൊണ്ട് അതിന്റെ മരുന്ന് statins നിര്‍ത്തി എന്ന് ചിലര്‍ പറയാറുണ്ട്.അത് അപകടം ആണ്. അത് നിര്‍ത്താന്‍ പാടുള്ളതല്ല.

ഹൃദയാഘാതം എന്ത് കൊണ്ട് ഇത്രയും പ്രാധാന്യം അര്‍ഹിയ്ക്കുന്നു?

ഒരു മനുഷ്യന്‍ ജനിക്കും മുന്‍പ് ഭ്രുണാവസ്ഥയില്‍ ഏകദേശം 16 ദിവസം പ്രായം ആകുമ്പോള്‍ തന്നെ ഹൃദയം മിടിയ്ക്കാന്‍ തുടങ്ങുന്നു. പിന്നെ ഇടവേളകളില്ലാതെ വിശ്രമമില്ലാതെ ഹൃദയം ലബ്ബ് ഡബ്ബ് എന്ന താളത്തില്‍ മരണം വരെ പ്രവര്‍ത്തിക്കുന്നു.

കുറച്ചു ലളിതമായ anatomy.

ഹൃദയത്തിനു രക്തം സപ്ലൈ ചെയ്യുന്ന coronary arteries (ധമനികള്‍ ) ആണ്. coronary artery യുടെ പ്രത്യേകത അത് End artery ആണ്. . അതായത് അതിന് വേറെ ബ്രാഞ്ചുകള്‍ ഇല്ല. കൈവഴികള്‍ ഇല്ല. നേരേ ഹൃദയത്തില്‍ ചെന്നവസാനിക്കുന്നു.

അത്‌കൊണ്ട് ധമനികള്‍ അടയുകയോ ചുരുങ്ങുകയോ ചെയ്താല്‍ ഹൃദയ ഭിത്തികള്‍ക്ക് കിട്ടേണ്ട രക്തത്തിന്റെ സപ്ലൈ കുറയുക, നിലയ്ക്കുക (ischemia infarction) തുടങ്ങി അവസ്ഥകള്‍ ഉണ്ടാകും. അതിന് മരുന്നുകള്‍ കൂടാതെ ചിലപ്പോള്‍ angioplatsy അല്ലെങ്കില്‍ ബെപാസ്സ് CABG ചെയ്യേണ്ടി വരും.

ഹാര്‍ട് അറ്റാക്കിന് ചികിത്സ കൃത്യ സമയത്ത് എടുക്കാതിരിയ്ക്കുകയോ രോഗം അവഗണിക്കുകയോ, മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം കഴിയ്ക്കാതിരിയ്ക്കുകയോ ചെയ്താല്‍ അതിനെ തുടര്‍ന്ന് പക്ഷാഘാതം (cva) cardiac failure ( ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ ) ഉണ്ടാവാം. Cardiac arrest നും സാധ്യത ഉണ്ട്.

മരുന്നുകള്‍, കൃത്യമായി കഴിയ്ക്കുക,

co morbidities ആയ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊഴുപ്പ് അളവില്‍ കൂടുക (hyper choletsremea ) എന്നി അസുഖങ്ങള്‍ നിയന്ത്രണത്തില്‍ നിര്‍ത്തുക.

മാനസിക സമ്മര്‍ദ്ദം കഴിവതും ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉള്ള മിതമായ വ്യായാമം ചെയ്യുക തുടങ്ങിയവ കൊണ്ട് മട്ടുള്ളവരെപ്പോലെ ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ക്കും ഒരു പരിധി വരെ സാധാരണ ജീവിതം നയിക്കാന്‍ പറ്റും.

ഗംഗ എസ്

Related Topics

Share this story