chem

കേരള ടൂറിസത്തിന്‍റെ ‘മൈ ഫസ്റ്റ് ട്രിപ്പ് 2021’ കാമ്പയിന് തുടക്കമായി

ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കാമ്പയിനില്‍ 10 ബ്ലോഗര്‍മാര്‍

തിരുവനന്തപുരം: കോവിഡ് 19 കാലഘട്ടത്തിനു ശേഷം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം ആവിഷ്കരിച്ച കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ ‘മൈ ഫസ്റ്റ് ട്രിപ്പ് 2021’ കാമ്പയിന് തുടക്കമായി. കാമ്പയിനിന്‍റെ ഭാഗമായി മാര്‍ച്ച് 29 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ബ്ലോഗര്‍മാര്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സോഷ്യല്‍ മീഡിയ പ്രചാരണവും ഇതിന്‍റെ ഭാഗമായി നടക്കും.

മാസ്കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ‘മൈ ഫസ്റ്റ് ട്രിപ്പ്’ കാമ്പയിന്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐഎഎസ് ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നുകഴിഞ്ഞെന്നും കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന സന്ദേശം സഞ്ചാരികളില്‍ എത്തിക്കാന്‍ ബ്ലോഗര്‍മാര്‍ക്ക് സാധിക്കുമെന്നും ശ്രീമതി. റാണി ജോര്‍ജ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം കേരളത്തിലെ പാചകരീതി, സംസ്കാരം, കലകള്‍ തുടങ്ങിയവ അറിയാനും ബ്ലോഗര്‍മാര്‍ക്ക് അവസരമൊരുക്കുന്നതായിരിക്കും മൈ ഫസ്റ്റ് ട്രിപ്പ് കാമ്പയിന്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈവിധ്യമാര്‍ന്ന പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കേരളത്തിലെ ജീവിതശൈലിയും ആളുകളുടെ ഊഷ്മളമായ പെരുമാറ്റവും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് മൈ ഫസ്റ്റ് ട്രിപ്പിലൂടെ ബ്ലോഗര്‍മാര്‍ക്ക് ലഭിക്കുകയെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ വി.ആര്‍. കൃഷ്ണതേജ ഐഎഎസ് പറഞ്ഞു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ശ്രീ. ബി.എസ്. ബിജു ചടങ്ങില്‍ സംബന്ധിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ‘മൈ ഫസ്റ്റ് ട്രിപ്പ് 2021’ കാമ്പയിനു വേണ്ടി 10 ബ്രാന്‍ഡഡ് കാറുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലോഗര്‍മാര്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കും. യാത്രികര്‍ വ്യത്യസ്ത റൂട്ട് മാപ്പ് പിന്തുടരുന്നതിനാല്‍ കേരളത്തിലെ ടൂറിസം മേഖലയെ കുറിച്ചുള്ള സവിശേഷമായ ഉള്ളടക്കം നിര്‍മ്മിക്കാന്‍ സഹായിക്കും. ആറ് രാത്രിയും അഞ്ച് പകലുമായിട്ടാണ് യാത്ര.

കൊല്ലത്തെ ജഡായു എര്‍ത്ത് സെന്‍റര്‍, ചാലക്കുടിയിലെ തുമ്പൂര്‍മുഴി, വാഴച്ചാല്‍, അതിരപ്പള്ളി വെള്ളച്ചാട്ടങ്ങള്‍, മലക്കപ്പാറ ഹില്‍ സ്റ്റേഷന്‍ ഉള്‍പ്പെയുള്ള പ്രദേശങ്ങള്‍ ബ്ലോഗര്‍മാര്‍ സന്ദര്‍ശിക്കും. മണ്‍റോ തുരുത്തിലെയും കുമരകത്തെയും ഗ്രാമീണ ജീവിതാനുഭവങ്ങള്‍, കുമരകം പക്ഷിസങ്കേതത്തിലൂടെയുള്ള പ്രകൃതിനടത്തം, ബോട്ടിംഗ്, മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍, പുന്നമടക്കായല്‍ സവാരി, ആലപ്പുഴ പട്ടണത്തിലൂടെയുള്ള സഞ്ചാരം, മാരാരി ബീച്ച്, പെരിയാര്‍ തടാകത്തിലെ ബോട്ടിംഗ്, മൂന്നാറിലെ തേയില മ്യൂസിയം, കുണ്ടള, മാട്ടുപെട്ടി അണക്കെട്ടുകള്‍, കൊച്ചി ചെറായിയിലെ വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളും യാത്രയില്‍ ഉള്‍പ്പെടും.

യാത്രികരുടെ അനുഭവങ്ങളും വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും മൈ ഫസ്റ്റ് ട്രിപ്പ് കാമ്പയിനിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യും. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു എന്നതിന്‍റെ കൃത്യമായ ആശയവിനിമയമായിരിക്കും ഇതിന്‍റെ ഉള്ളടക്കം. കേരള ടൂറിസത്തിന്‍റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ക്കു പുറമേ ബ്ലോഗര്‍മാര്‍ അവരുടെ പ്ലാറ്റ് ഫോം വഴിയും കേരളത്തിന്‍റെ സവിശേഷതകളും ദൃശ്യഭംഗിയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും.

ബ്ലോഗര്‍മാരില്‍ നാലുപേര്‍ മുംബൈയില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നും മറ്റുള്ളവര്‍ ഹൈദരാബാദ് (തെലങ്കാന), വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), അജ്മീര്‍ (രാജസ്ഥാന്‍) എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.

You might also like
Leave A Reply

Your email address will not be published.