Times Kerala

സി വിജില്‍: ഇതുവരെ ലഭിച്ചത് 324 പരാതികൾ

 
സി വിജില്‍: ഇതുവരെ ലഭിച്ചത് 324 പരാതികൾ

എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 9 ചൊവ്വ ഉച്ചയ്ക്ക് 1.30 വരെ 324 പരാതികൾ ലഭിച്ചു. അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകള്‍, ഫ്ലെക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്.

പരാതികള്‍ കളക്ടറേറ്റിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറുകയും ഫ്ലൈയിംഗ് സ്ക്വാഡ്, ആൻ്റി ഡീഫേയ്‌സ്‌മെന്‍റ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവ൪ പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കുകയും ചെയ്തിട്ടുള്ളതായി സി വിജില്‍ നോഡൽ ഓഫീസ൪ ആയ ജില്ലാ പ്ലാനിംഗ് ഓഫീസ൪ ലിറ്റി മാത്യു അറിയിച്ചു. ലഭിച്ചവയില്‍ 289 പരാതികൾ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 35 പരാതികൾ കഴമ്പില്ലാത്തവയാണ് എന്നതിനാൽ ഉപേക്ഷിക്കുകയും ചെയ്തു.

സി വിജില്‍ ജില്ലാ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിംഗ് ഓഫിസിലാണ് ജില്ലാതല കണ്‍ട്രോൾ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങൾ ഈ മൊബൈൽ അപ്ലിക്കേഷൻ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസ൪ അറിയിച്ചു.

പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാര്‍ത്തകൾ, അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പരിധിയിൽ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന സി വിജിൽ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും സമര്‍പ്പിക്കാനാകും.

Related Topics

Share this story