Times Kerala

സ്തനത്തിലെ എല്ലാ മുഴകളും അര്‍ബുദമാണോ.?, സ്തനാര്‍ബുദത്തെ കുറിച്ച് ബോധവാന്‍മാരാകൂ…

 
സ്തനത്തിലെ എല്ലാ മുഴകളും അര്‍ബുദമാണോ.?, സ്തനാര്‍ബുദത്തെ കുറിച്ച് ബോധവാന്‍മാരാകൂ…

ആരോഗ്യ പരിപാലന രംഗത്തിലെ ഏറ്റവും അത്യാവശ്യമായ പ്രചാരണങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദ ബോധവല്‍ക്കരണം. സ്ത്രീകള്‍ക്കിടയില്‍ സര്‍വ സാധാരണമായ അര്‍ബുദമായി കണ്ടെത്തിയിട്ടുള്ള സ്തനാര്‍ബുദം മൂലമാണ് ലോകത്തും ഇന്ത്യയിലും അര്‍ബുദവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്.

ഈ മഹാമാരിക്കാലത്ത് ഞങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളൊരു കാര്യം ഈ രോഗത്തിന്റെ വൈകിയ ഘട്ടത്തിലാണ് മിക്ക രോഗികളും ആശുപത്രികളില്‍ എത്തുന്നത് എന്നതാണ്. കൊറോണ വൈറസ് ബാധ ഉണ്ടാകുമോയെന്ന ഭയം രോഗികളില്‍ ഉണ്ടാകും. എങ്കിലും കോവിഡ് സംബന്ധമായ മരണങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ അര്‍ബുദം മൂലമുണ്ടാകുന്നതിനാല്‍ ഈ രോഗത്തെ കുറിച്ചും വര്‍ദ്ധിക്കുന്ന മരണനിരക്കിനെ കുറിച്ചും രോഗികള്‍ ബോധവതികള്‍ ആകേണ്ടതുണ്ട്. അതിനാല്‍, അര്‍ബുദത്തെ കുറിച്ച് പ്രത്യേകിച്ച് സ്തനാര്‍ബുദത്തെ കുറിച്ച് അറിയാന്‍ 2020-ന് കൂടുതല്‍ പ്രാധാന്യമുണ്ട്.

2020 സെപ്തംബര്‍ ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 65,000 പേരാണ് ഇന്ത്യയില്‍ കോവിഡും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മരണത്തിന് കീഴടങ്ങിയത്. ഒരു വര്‍ഷം ഏഴ് ലക്ഷത്തില്‍ അധികം പേര്‍ അര്‍ബുദം ബാധിച്ച് മരിക്കുന്നുണ്ട്. ഇതില്‍, 80,000-ത്തില്‍ അധികം പേര്‍ സ്തനാര്‍ബുദം മൂലമാണ് മരിച്ചത്.

അര്‍ബുദത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപകമായത് സ്തനാര്‍ബുദമാണ്. സ്തനാര്‍ബുദത്തെ കുറിച്ച് കൂടുതല്‍ പേര്‍ അറിയേണ്ടതിന്റെ പ്രാധാന്യത്തിന്റെ കാരണങ്ങള്‍ ഇവയാണ്

ഉയര്‍ന്ന മരണ നിരക്കുള്ള അര്‍ബുദമാണ് സ്തനാര്‍ബുദം

പരിശോധനയിലൂടെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കും

എളുപ്പത്തില്‍ ചികിത്സിക്കാം. മികച്ച ചികിത്സാരീതികള്‍ ലഭ്യം.

നേരത്തെ കണ്ടെത്തിയാല്‍ മരണം തടയാന്‍ സാധിക്കും.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ആരോഗ്യ ബോധവല്‍ക്കരണ പദ്ധതികളിലൂടെ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. ഇത് ഇന്ത്യയില്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

സ്തനാര്‍ബുദം വരാനുള്ള കാരണങ്ങള്‍

ഈ അര്‍ബുദം വരാനുള്ള കാരണങ്ങളെക്കുറിച്ചും ഇപ്പോഴും അറിവില്ല. സ്തനാര്‍ബുദം ഉണ്ടാകുന്നതിന്റെ ഒറ്റ കാരണം ചൂണ്ടിക്കാണിക്കാന്‍ ആകില്ല. അനവധി ഘടകങ്ങള്‍ ഉണ്ട്. ചിലത് മാറ്റം വരുത്താം. ചിലത് അങ്ങനെയല്ല.

പുരുഷന്‍മാരിലും സ്തനാര്‍ബുദം കാണാന്‍ കഴിയും. എങ്കിലും അപൂര്‍വമാണ്. പ്രായമേറിയ വനിതകള്‍, കുടുംബത്തില്‍ മുമ്പ് സ്തനാര്‍ബുദം വന്നിട്ടുള്ള ചരിത്രം, ജനിത മാറ്റങ്ങള്‍, ഹോര്‍മോണിന്റെ അസംന്തുലിതാവസ്ഥ (ചെറു പ്രായത്തിലേ ആര്‍ത്തവം ആരംഭിക്കുക, പ്രായമേറെ ചെന്ന് ആര്‍ത്തവം അവസാനിക്കുക, ഹോര്‍മോണ്‍ മാറ്റ തെറാപ്പി, പ്രസവിക്കാത്തവര്‍), അമിതവണ്ണം, മദ്യ ഉപഭോഗം, പുകവലി എന്നിവയാണ് ചില കാരണങ്ങള്‍.

സ്തനാര്‍ബുദം മൂലമുള്ള മരണം തടയുന്നതിനുള്ള പ്രധാന ഘടകം രോഗം നേരത്തെ കണ്ടെത്തുക എന്നതാണ്.

രോഗം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍

സംശയകരമായ മുഴകള്‍ (പ്രത്യേകിച്ച് മുതിര്‍ന്ന സ്ത്രീകള്‍) ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ അര്‍ബുദ രോഗ വിദഗ്ദ്ധനെ കാണുക.

സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കുക (മാസത്തില്‍ ഒരിക്കല്‍ എങ്കിലും)

വീട്ടില്‍ മറ്റാര്‍ക്കെങ്കിലും സ്തനാര്‍ബുദം ഉള്ള ചരിത്രമുണ്ടെങ്കില്‍ പതിവായി പരിശോധന നടത്തുക.

40-ാം വയസ്സ് മുതല്‍ ബൈലാറ്ററല്‍ മാമോഗ്രാം ചെയ്യുക (50-ാം വയസ്സ് വരെ രണ്ട് വര്‍ഷത്തിലൊരിക്കലും 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കലും പരിശോധന നടത്തുക).

സ്തനാര്‍ബുദത്തിന്റെ ചികിത്സ രോഗം ഏത് ഘട്ടത്തിലാണ് കണ്ടെത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നേരത്തെ രോഗം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സയിലൂടെ രോഗം മാറ്റാനും അര്‍ബുദം മൂലം രോഗി മരിക്കുന്നത് തടയാനും സാധിക്കും. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി, ഹോര്‍മോണല്‍ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി എന്നിങ്ങനെ വിവിധ ചികിത്സാരീതികള്‍ നിലവിലുണ്ട്. നാലാം ഘട്ടം ഒഴിച്ചുള്ള എല്ലാ ഘട്ടങ്ങളിലും ശസ്ത്രക്രിയ ആവശ്യമാണ്. ഏത് തരം ചികിത്സ ആവശ്യമാണ് എന്ന് തീരുമാനിക്കുന്നത് രോഗത്തിന്റെ ഘട്ടവും തരവും നോക്കിയാണ്.

ഈ അര്‍ബുദത്തില്‍ സ്തനം സംരക്ഷിക്കാന്‍ കഴിയുമോ എന്നതിനെ കുറിച്ച് പല രോഗികളും ചോദിക്കാറുണ്ട്. ഉത്തരം അതേയെന്നാണ്. പുനര്‍നിര്‍മ്മിക്കാതെയോ നിര്‍മ്മിച്ചോ സംരക്ഷിക്കാന്‍ സാധിക്കും. എല്ലാ രോഗികള്‍ക്കും സ്തനം പൂര്‍ണമായും മുറിച്ചു മാറ്റേണ്ടി വരുന്നില്ല. പൂര്‍ണമായും മുറിച്ചു മാറ്റിയാലും നല്ലൊരു പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്തനങ്ങള്‍ പുനര്‍നിര്‍മ്മിക്കാം.

സ്തനാര്‍ബുദം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍

ആരോഗ്യകരമായ ജീവിത ശൈലി: പതിവായി ശാരീരികാഭ്യാസം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണ ശൈലി, കൊഴുപ്പ് കൂടുതലായി ഉപയോഗിക്കുന്നത് കുറയ്ക്കുക

കൂടാതെ, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ ശരീരഭാരം കാത്തുസൂക്ഷിക്കാന്‍ സാധിക്കും.
നവമാതാക്കള്‍, കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തങ്ങളുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക

പുകവലിക്കുകയോ അമിതമായി മദ്യപിക്കുകയോ ചെയ്യരുത്.

സ്തനാര്‍ബുദത്തെ കുറിച്ച് സാധാരണയുള്ള തെറ്റിദ്ധാരണകള്‍

സ്തനത്തിലെ എല്ലാ മുഴകളും അര്‍ബുദമാണോ.?

അല്ല. സ്തനത്തിലെ എല്ലാ മുഴകളും അര്‍ബുദമല്ല. എന്നാല്‍, എല്ലാ മുഴകളും പരിശോധിക്കേണ്ടതുണ്ട്.

മാമോഗ്രാം ചെയ്യുന്നത് അര്‍ബുദത്തിന് കാരണമാകുമോ.?

ഇല്ല. വളരെ കുറഞ്ഞ അളവില്‍ റേഡിയേഷന്‍ നല്‍കിയുള്ള സുരക്ഷിതമായ രീതിയാണ് മാമോഗ്രാം.

വീട്ടില്‍ ആര്‍ക്കെങ്കിലും രോഗം വന്നിട്ടുണ്ടെങ്കില്‍ എല്ലാ അംഗങ്ങള്‍ക്കും രോഗം വരുമോ.?

ഇല്ല. പൊതുവില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന അപകട സാധ്യതയുണ്ട്. പതിവായി പരിശോധന നടത്തണം.

എല്ലാ രോഗികളും പൂര്‍ണമായും സ്തനം മുറിച്ചു മാറ്റേണ്ടി വരുമോ.?

ഇല്ല. വികസിത രാജ്യങ്ങളിലെ 70 ശതമാനം വരെയുള്ള ശസ്ത്രക്രിയകളും സ്തനം സംരക്ഷണമാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഈ പ്രവണത വര്‍ദ്ധിച്ചുവരുന്നു. പൂര്‍ണമായും സ്തനം മുറിച്ചുമാറ്റുന്നതിനേക്കാള്‍ (സമ്പൂര്‍ണ മാസെക്ടമി) സുരക്ഷിതമാണ് സ്തന സംരക്ഷണം.

കീമോതെറാപ്പിയില്‍ എല്ലാ രോഗികള്‍ക്കും മുടി കൊഴിയുമോ.?

കൊഴിയും. കീമോതെറാപ്പിക്ക് ഇടയില്‍ മിക്ക രോഗികള്‍ക്കും മുടി കൊഴിയും. പക്ഷേ, അത് താല്‍ക്കാലികം മാത്രമാണ്. ഒരു വര്‍ഷത്തിനകം എല്ലാവര്‍ക്കും മുടി വളരും.

അര്‍ബുദം രോഗിയെ മാത്രമല്ല കുടുംബത്തെ മുഴവന്‍ ബാധിക്കുന്ന ഒന്നാണ്. അതിനാല്‍, സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുകയും രോഗം മൂലം മരിക്കുന്നത് തടയുകയും ചെയ്യാന്‍ കഴിയുമെന്ന അവബോധം പരമാവധി പ്രചരിപ്പിക്കുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

ഡോ. ഹരീഷ് ഇ, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, കെഎംസി ഹോസ്പിറ്റല്‍, മാംഗ്ലൂര്‍

Related Topics

Share this story